NEWS

യുപിയില്‍ പീഡനം തുടര്‍ക്കഥയാകുമ്പോള്‍; യോഗി രാജി വെയ്ക്കണം: പ്രിയങ്ക ഗാന്ധി, പ്രതിഷേധം ശക്തം

മുഖ്യമന്ത്രി പദം യോഗി ആദിത്യനാഥിലേക്ക് നീങ്ങിയതു മുതല്‍ ഉത്തര്‍പ്രദേശിന്റെ രോദനം തുടര്‍ക്കഥയാവുകയാണ്. ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലക്ക് സംഭവങ്ങളുടെ നീണ്ട നിര. വികസനങ്ങള്‍ക്കുപരി പീഡന താണ്ഡവങ്ങളാണ് അരങ്ങേറിയത്. അതില്‍ ന്യൂനപക്ഷങ്ങള്‍ എന്നും ഇരകളായി മാറി.

സ്ത്രീ പീഡനത്തില്‍ നാഷണല്‍ ക്രൈം ലിസ്റ്റില്‍ യു.പിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു എന്നതില്‍ സംശയമില്ല. അതില്‍ ഭൂരിഭാഗ ഇരകളും ന്യൂനപക്ഷമായിരുന്നു. നിരന്തരം പീഡനങ്ങള്‍ക്ക് മുമ്പില്‍ ഇവര്‍ക്ക് മുട്ടുമടക്കാനെ സാധിക്കൂ. പര്‍ദ്ദ ധാരിയായ മുസ്ലിം യുവതിയെ ട്രെയിനിലേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച പൊലീസുകാരന്‍ തൊട്ട് ഗ്രാമത്തലവന്മാര്‍ വരെ പീഡനത്തിനിറങ്ങി.

ഇപ്പോള്‍ വിവാദമാകുന്നത് മറ്റൊരു പീഡന കഥകൂടിയാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് രഹസ്യമായി സംസ്‌കരിച്ചത്. ഈമാസം 14ന് നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയാണ് ഇന്നലെ മരിച്ചത്.

ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു പുലര്‍ച്ചെ 2.30ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ചതിനു ശേഷമായിരുന്നു പൊലീസ് നടപടി. ഇതിനെതിരെ പ്രതിഷേധം ശക്തമായി. ആരെ സംരക്ഷിക്കാനാണ് യുപി പൊലീസ് ശ്രമിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചു.

അന്യായ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ആദിത്യനാഥിന് ധാര്‍മികമായി അവകാശമില്ലെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘മകള്‍ മരിച്ച കാര്യം ഹത്രാസിലെ ഇരയുടെ അച്ഛന്‍ അറിയുന്നത് എന്നോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്. സങ്കടത്തോടെ അദ്ദേഹം ഉച്ചത്തില്‍ കരയുന്നത് ഞാന്‍ കേട്ടു. തന്റെ മകള്‍ക്കു നീതി ലഭിക്കണമെന്നതു മാത്രമാണു തന്റെ ആവശ്യമെന്നു തൊട്ടുമുമ്പാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അവസാനമായി മകളെ വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനുമുള്ള അവസരം ഇന്നലെ രാത്രി അദ്ദേഹത്തില്‍ നിന്ന് തട്ടിയെടുത്തു- പ്രിയങ്ക ട്വീറ്റില്‍ ആരോപിച്ചു.

യോഗി ആദിത്യനാഥ് രാജിവെക്കണം. ഇരയെയും കുടുംബത്തിനെയും സംരക്ഷിക്കുന്നതിനു പകരം അവളുടെ ഓരോ മനുഷ്യാവകാശവും, മരണത്തില്‍ പോലും നിഷേധിക്കുന്നതില്‍ നിങ്ങളുടെ സര്‍ക്കാര്‍ പങ്കാളികളായി. മുഖ്യമന്ത്രിയായി തുടരാന്‍ നിങ്ങള്‍ക്ക് ധാര്‍മികമായി അവകാശമില്ല- പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഇപ്പോഴും കനത്ത പ്രതിഷേധങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുന്നത്. യുവതിയുടെ വീടിനു സമീപത്തായിരുന്നു ചിത ഒരുക്കിയത് .എന്നാല്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പോലീസ് സമ്മതിച്ചില്ല .ഹിന്ദു ആചാരക്രമം പാലിക്കണമെന്നും മൃതദേഹം രാത്രിയില്‍ സംസ്‌കരിക്കില്ലെന്നും കുടുംബം പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല .

രാത്രി 10 മണിയ്ക്ക് ശേഷമാണ് മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കിയത് .എന്നാല്‍ തങ്ങളുടെ അനുമതി ഇല്ലതെയാണ് മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊണ്ട് പോയതെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ അടക്കമുള്ളവര്‍ ആശുപത്രിയ്ക്ക് മുന്നില്‍ കുത്തിയിരുന്നു .ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ് ,ഭീം ആര്‍മി പ്രവര്‍ത്തകര്‍ കൂടി ചേര്‍ന്നതോടെ ആശുപത്രി പരിസരം പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു.ഇതിനു പിന്നാലെയാണ് പോലീസ് ധൃതി പിടിച്ച് മൃതദേഹം ഉത്തര പ്രദേശിലെ യുവതിയുടെ ഗ്രാമത്തിലേക്ക് കൊണ്ട് പോയത് .എന്നാല്‍ യുവതിയുടെ പിതാവ് കുത്തിയിരുപ്പ് നടത്തിയിട്ടില്ല എന്നാണ് ഡല്‍ഹി പോലീസിന്റെ നിലപാട് ..

ഈ മാസം 14 നാണു യുവതി കൂട്ടബലാത്സംഗത്തിനിരയായത് .പുല്ലുപറിയ്ക്കാന്‍ അമ്മയോടൊപ്പം വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ക്രൂരമായി ബലാത്സംഗത്തിനിരയാക്കുക ആയിരുന്നു .ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നാവ് മുറിഞ്ഞിരുന്നു .കാലുകള്‍ പൂര്‍ണമായും തളര്‍ന്നു .

സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നാണ് പോലീസ് നിലപാട് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: