NEWS

വ്യാജന്മാരെ പൂട്ടാനൊരുങ്ങുന്നു

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ച യൂട്യൂബ് വ്‌ളോഗര്‍ വിജയ്‌ പി നായര്‍ക്കെതിരെ വീണ്ടും നിയമനടപടിയുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- മലബാര്‍ റീജിയന്‍ രംഗത്ത്.

നിയമവിരുദ്ധമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെട്ടതിനും മറ്റു വ്യാജ മനശാസ്ത്ര ചികിത്സകര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.

വിജയ് പി നായരുടെ പല വീഡിയോകളിലും അടിസ്ഥാനരഹിതവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരില്‍ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പരാതി.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക സര്‍ക്കുലറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കാനും മനോരോഗമുള്ളവര്‍ക്കും ഭിന്നശേഷി ഉള്ളവര്‍ക്കുമുള്ള സൈക്കോതെറാപ്പി, മനഃശാസ്ത്ര കൗണ്‍സിലിംഗ്, മനഃശാസ്ത്ര പരിശോധനകള്‍ എന്നിവ നടത്താനും പ്രസ്തുത യോഗ്യത ഉള്ളവര്‍ക്കു മാത്രമേ കഴിയൂ. യോഗ്യത നേടാതെ ഇതു ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ യോഗ്യത ഇല്ലാത്തവരും സൈക്കോളജിസ്റ്റ് എന്ന പേരില്‍ സ്വന്തമായി സെന്ററുകള്‍ തുടങ്ങുന്നതായും ചികിത്സകള്‍ നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ അത്തരത്തിലുളള വ്യാജന്മാര്‍ക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന വാര്‍ത്ത വന്നത്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വിഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി. നായര്‍ പറഞ്ഞിരുന്നത്. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളതെന്നാണ് വിവരം.

ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെ ഒരു സര്‍വകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ലെന്നും പറയുന്നു. റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്‌ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയൂ. വിജയ് പി.നായര്‍ക്കു റജിസ്‌ട്രേഷനില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് യൂട്യൂബ് വിഡിയോകള്‍ വഴി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരുടെ ലോഡ്ജിലെത്തി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ദേഹത്ത് കരിയോയില്‍ ഒഴിക്കുകയും മാപ്പുപറയിക്കുകയും ചെയ്തത്. പിന്നീട് വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് മോഷണം കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം, ഇവര്‍ വിജയ് പി നായര്‍ക്കെതിരെയും പരാതി കൊടുത്തു.
പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ തമ്പാനൂര്‍ പോലീസ് ആണ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Back to top button
error: