പെരിയ ഇരട്ടക്കൊലപാതകം; കേസ് ഡയറി ആവശ്യപ്പെട്ട് സിബിഐ,ഇനിയും വൈകിയാല്‍ പിടിച്ചെടുക്കും
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ അന്വേഷണ ഫയലുകള്‍ ക്രൈബ്രാഞ്ച് കൈമാറത്തതില്‍ നിലപാട് കടുപ്പിച്ച് സിബിഐ. ഇനിയും കേസ് ഡയറി കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പാണ് സിബിഐ നല്‍കിയത്. ആറു തവണ കത്ത് നല്‍കിയിട്ടും കൈമാറാത്തതിനെ തുടര്‍ന്ന് സിആര്‍പിസി 91 പ്രകാരം നോട്ടീസും നല്‍കി.
അതേസമയം ഫയലുകള്‍ ചോദിക്കുമ്പോള്‍ തങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ മറുപടി. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും അപേക്ഷ നല്‍കിയിട്ടുണ്ട്.
കോടതി ഉത്തരവിടുന്ന കേസുകളില്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന മുറയ്ക്ക് ഫയലുകള്‍ കൈമാറുന്ന കീഴ്വഴക്കമാണ് ഈ കേസില്‍ പൊലീസ് തെറ്റിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആറിട്ട് സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ അന്നും കേസ് ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച് അന്വേഷണം മുടക്കുകയായിരുന്നു ഫയലുകള്‍ കിട്ടാതെ അന്വേഷണം നടത്താനാവുന്നില്ലെന്ന് സിബിഐ പറഞ്ഞതോടെയായിരുന്നു ഡിവിഷന്‍ ബെഞ്ച് വേഗത്തില്‍ കേസ് പരിഗണിച്ചതും സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയതും.
ഈ വര്‍ഷം ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുളള വഴിമധ്യേയാണ് മരിച്ചത്.
ഒന്നാം പ്രതി പീതാംബരന്റെ വ്യക്തി വിരോധമാണ് പെരിയയിലെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. പീതാംബരനടക്കം പതിനാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. സജി സി ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപന്‍, മണികണ്ഠന്‍, ബാലകൃഷ്ണന്‍ എന്‍, മണികണ്ഠന്‍ ബി എന്നിവരാണ് ഈ കുറ്റപത്രം പ്രകാരമുളള മറ്റ് പ്രതികള്‍.