NEWS

സിബിഐയുടെ നടപടി അസാധാരണവും രാഷ്ട്രീയപ്രേരിതവുമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

ലൈഫ്‌മിഷനെ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്‌താവന നടപ്പിലാക്കിയമട്ടിലാണ്‌ സി.ബി.ഐ പ്രവര്‍ത്തിച്ചത്‌. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

രാവിലെ ബി.ജെ.പി പ്രസിഡന്റ്‌ സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്‌. കോണ്‍ഗ്രസ്‌ എം.എല്‍.എ നല്‍കിയ പരാതിയിലാണ്‌ സാധാരണ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്‌ സി.ബി.ഐ കേസെടുത്തിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ – ബി.ജെ.പി കൂട്ടുകെട്ട്‌ ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്‌. അഖിലേന്ത്യാതലത്തില്‍ സി.ബി.ഐക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന കോണ്‍ഗ്രസ്‌ കേരളത്തില്‍ സി.ബി.ഐയുടെ സ്‌തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്‌. കോണ്‍ഗ്രസ്‌, ലീഗ്‌ നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട്‌ കേസുകള്‍ വര്‍ഷങ്ങളായിട്ടും സി.ബി.ഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ്‌.

Signature-ad

സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ്‌ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്‌. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടേയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച്‌ സി.ബി.ഐക്ക്‌ അന്വേഷണം നടത്താം. ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തില്‍ നടത്തിയ ഇടപെടല്‍ യഥാര്‍ത്ഥത്തില്‍ നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്‌. സമീപകാലത്ത്‌ സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച്‌ ഏതന്വേഷണവും ആകാമെന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാരും എല്‍.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്‌. എന്നാല്‍, അത്‌ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ആകുന്നത്‌ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ വാർത്താകുറിപ്പിൽ പറഞ്ഞു.

Back to top button
error: