TRENDING

ജ്ഞാപീഠ പുരസ്കാരം അക്കിത്തത്തിന് കൈമാറി

പരുക്കന്‍ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അക്കിത്തം എഴുത്തുകാരന്‍റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തതെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു. ജ്ഞാപീഠ പുരസ്കാരം അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഋഷിതുല്യനായ ഒരാളാണ് കവിയായിത്തീരുന്നത് എന്നും, ഒരാള്‍ ഋഷിതുല്യനായിത്തീരുന്നത് അയാളുടെ ദര്‍ശനവൈഭവംകൊണ്ടാണെന്നും ഭാരതീയര്‍ വിശ്വസിക്കുന്നു.

‘നാ നൃഷി കവിരിത്യുക്തം
ഋഷിശ്ച കിലദര്‍ശനാത്’

എന്ന പ്രസ്താവന ഓര്‍ത്താല്‍ മാത്രം മതിയാകും. അക്കിത്തം ദര്‍ശനവൈഭവംകൊണ്ട് ഋഷിതുല്യനായ കവിയാണ്. മനുഷ്യന്‍റെ ഭൗതികമായ ആധികളെക്കുറിച്ചുമാത്രമല്ല, ദൈവികമായ ആധികളെക്കുറിച്ചും ആത്മീയമായ ആധികളെക്കുറിച്ചും ആഴത്തില്‍ തന്‍റെ കവിതകളിലൂടെ അന്വേഷിച്ച ഒരു കവിയാണ്. ഏകാന്തതയുടെ അപൂര്‍വ്വനിമിഷങ്ങളില്‍ പ്രകൃതിയില്‍ തന്‍റെ അസ്തിത്വത്തെത്തന്നെ അലിയിച്ചുചേര്‍ക്കുന്ന കവിയാണ്.

തന്‍റെ യൗവ്വനകാലത്ത് നമ്പൂതിരിസമുദായത്തിലെ പരിഷ്ക്കരണസംരംഭങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാടിനോടും ഇ.എഎസ്. നമ്പൂതിരിപ്പാടിനോടും ഒപ്പം പങ്കെടുത്ത പാരമ്പര്യം അക്കിത്തത്തിനുണ്ട്. അന്ന് തന്‍റെ സഹപ്രവര്‍ത്തകരില്‍ ഏറെപ്പേരും ഇടതുപക്ഷാഭിമുഖ്യമുള്ളവരായിരുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേവലം ഒരു ദര്‍ശനത്തിന്‍റെ കാഴ്ചപ്പാടിലൂടെമാത്രം നയിക്കപ്പെടാനുള്ള തന്‍റെ മനസ്സിന്‍റെ വിമുഖതയെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. ആത്യന്തികധര്‍മ്മത്തിലേക്കുള്ള ദുരൂഹമായ നിരവധി വഴികളെക്കുറിച്ച് ബോധമുള്ള ഒരു കവിയെ സംബന്ധിച്ചിടത്തോളം അതാണ് ശരിയെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. അതുകൊണ്ടാണ്,

‘മതമെന്താകിലുമാട്ടെ, മനുജാത്മാവേ കരഞ്ഞിരക്കുന്നേന്‍

നിരുപാധികമാം സ്നേഹം നിന്നില്‍ പൊട്ടിക്കിളര്‍ന്നുപൊന്തട്ടേ’

എന്ന്  ആശംസിക്കാന്‍ അക്കിത്തത്തിന് കഴിയുന്നത്. ‘നിരുപാധികമായ സ്നേഹം’ എന്നത് അക്കിത്തത്തിന്‍റെ കവിതകളുടെ അടിക്കല്ലാണ്. ജീവിതത്തില്‍ എവിടെ കുഴിച്ചാല്‍ കണ്ണീര്‍ കിട്ടുമെന്ന് തന്നെ പഠിപ്പിച്ചത് ഇടശ്ശേരി ഗോവിന്ദന്‍നായരാണെന്ന് അക്കിത്തം എഴുതുന്നുണ്ട്. കണ്ണീരന്വേഷിച്ചുപോവുന്ന രുദിതാനുസാരിയായ കവിയെന്ന് അക്കിത്തത്തെക്കുറിച്ചു പറയാം. ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിക്കുമ്പോള്‍ മനസ്സില്‍ ആയിരം സൂര്യന്‍മാര്‍ ഒന്നിച്ചുദിച്ചുയരുന്നതായി തോന്നുന്ന ഒരു കവി.

അക്കിത്തത്തിന്‍റെ ‘ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസം’ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ രചനയാണെന്ന് പലരും വിധിയെഴുതുന്നത് കണ്ടിട്ടുണ്ട്. വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കല്‍’ എന്ന ഖണ്ഡകാവ്യത്തെയും അക്കിത്തത്തിന്‍റെ ‘ഇതുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസ’ത്തെയും ഇടതുപക്ഷ സഹയാത്രികരുടെ സൗഹൃദപൂര്‍ണ്ണമായ വിമര്‍ശനമായി എന്തുകൊണ്ട് കണ്ടുകൂടാ എന്ന ചോദ്യം മാത്രം ഇവിടെ ഉന്നയിക്കുകയാണ്.

‘നിരത്തില്‍ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്‍റെ കണ്ണുകള്‍
മുല ചപ്പിവലിക്കുന്നു
നരവര്‍ഗ നവാതിഥി”

എന്നിടത്ത് ‘നരവര്‍ഗ നവാതിഥി’ എന്ന വാക്കിലെ കാര്‍ക്കശ്യം മനസ്സിലാക്കിയാല്‍ മതിയാകും ചൂഷണവ്യവസ്ഥക്ക് അക്കിത്തത്തിന്‍റെ മനസ്സ് എത്ര എതിരാണെന്ന് കാണാന്‍.

ചിലപ്പോള്‍ ചില കവികളുടെ ചില വരികള്‍ ജനതയ്ക്ക് ഒരു പഴഞ്ചൊല്ലുപോലെ പ്രിയപ്പെട്ടതാകും.

‘വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം’

എന്ന അക്കിത്തത്തിന്‍റെ വരികള്‍ ആരുടേതാണെന്നുപോലും ഓര്‍ക്കാതെ സാധാരണക്കാരന്‍ പോലും ആവര്‍ത്തിക്കുന്നു. സത്യാനന്തരകാലം എന്നൊക്കെ ഇപ്പോള്‍ വിളിക്കുന്ന കാലത്തിന് ഇതില്‍പരം ചേരുന്ന ഒരു വിപരീതലക്ഷണാപ്രസ്താവം ഉണ്ടോ ?  അക്കിത്തത്തിന്‍റെ ‘പണ്ടത്തെ മേശാന്തി’ എന്ന കവിതയിലെ,

‘എന്‍റെതല്ലെന്‍റെതല്ലിക്കൊമ്പനാനകള്‍
എന്‍റെതല്ലീ മഹാക്ഷേത്രവും മക്കളേ’

എന്ന വരികള്‍ തന്‍റെ ഉല്‍പ്പാദനോപകരണങ്ങളില്‍നിന്നും, ഉല്‍പ്പന്നങ്ങളില്‍നിന്നും അനുദിനം അന്യനായിക്കൊണ്ടിരിക്കുന്ന തൊഴിലാളിവര്‍ഗത്തെക്കുറിച്ചാണെന്നു കരുതിയാല്‍ എന്താണ് കുഴപ്പം? തന്‍റെ കവിതയുടെ അര്‍ത്ഥം തീരുമാനിക്കാന്‍ കവിയുടെ സമ്മതം വേണമെന്നില്ല എന്നാണല്ലോ ഇപ്പോള്‍ പരക്കെ സമ്മതിച്ചിട്ടുള്ളത്. അക്കിത്തത്തെ തുറന്ന മനസ്സോടെ പഠിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത് എന്നുമാത്രം പറയാനാണ് താന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അക്കിത്തത്തിന് സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാരിന്‍റെ സാംസ്കാരികവകുപ്പിനെ ഏല്‍പ്പിച്ച പുരസ്കാരം സാംസ്കാരികവകുപ്പ് മന്ത്രി എ.കെ കെബാലന്‍ കൈമാറി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker