NEWS

മുഖ്യമന്ത്രി നീചമായ വർ​ഗീയരാഷ്ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഖുറാന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നീചമായ വർ​ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ നിലപാട് സംസ്ഥാനത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. നാടിന്റെ സാമുദായിക സൗഹൃദം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നത് ഭരണഘടനാലംഘനമാണ്. ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ മുഖ്യമന്ത്രിയും സർക്കാരും വികാരം ഒരുകൂട്ടർക്ക് മാത്രം ഉള്ളതാണോയെന്ന് വ്യക്തമാക്കണം. ശബരിമലയിൽ കോടാനുകോടി വിശ്വാസികളുടെ വികാരത്തെ പൊലീസിനെ ഉപയോ​ഗിച്ച് വ്രണപ്പെടുത്തിയ ആളാണ് പിണറായി വിജയൻ. ദേവസ്വം മന്ത്രി കടകംപ്പള്ളി ​ഗുരുവായൂരിൽ തൊഴുതതിനെ ശാസിച്ച പാർട്ടിയാണ് മുഖ്യമന്ത്രിയുടേത്.

പാലക്കാട് മകൻ ശബരിമലയ്ക്ക് മാലയിട്ടതിന് സി.ഐ.ടി.യു നേതാവിനെ പുറത്താക്കിയപ്പോഴും പാറശ്ശാലയിൽ മാലയിട്ടതിന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കിയപ്പോഴും പയ്യന്നൂരിലും തളിപ്പറമ്പിലുമൊക്കെ മാലയിട്ടതിന്റെ പേരിൽ പാർട്ടിക്കാർക്കെതിരെ നടപടിയെടുത്തപ്പോഴും വികാരം എവിടെ പോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ഖജനാവിലെ പണം ഉപയോ​ഗിച്ച് വനിതാമതിൽ കെട്ടി ഒരു ജനവിഭാ​ഗത്തിന്റെ മതവികാരം ചവിട്ടിമെതിച്ചവർ ഇപ്പോൾ ഖുറാന്റെ പേരും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നേതൃത്വത്തിന്റെ ഈ ഇരട്ടത്താപ്പിനെ കുറിച്ച് മാ‌ർകിസ്റ്റ് പാർട്ടിയിലെ ഹിന്ദുക്കൾ ചിന്തിക്കണം. അവരാണല്ലോ പാർട്ടിയെ താങ്ങിനിർത്തുന്നത്. അവർക്കാർക്കും വിചാര-വികാരങ്ങളില്ലേ? അതോ അവർ പാർട്ടിയുടെ അടിമകൾ മാത്രമാണോ? ക്രൈസ്തവ സഭകൾ തമ്മിലുള്ള പള്ളിത്തർക്കത്തിലും മുഖ്യമന്ത്രി വിശ്വാസത്തെയോ വിശ്വാസികളുടെ വികാരത്തെയോ മാനിക്കുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പച്ചയ്ക്ക് വർ​ഗീയത പറഞ്ഞതോടെ യു.ഡി.എഫ് ജലീലിനെതിരെയുള്ള സമരത്തിൽ നിന്നും ഭയന്ന് പിൻമാറുകയാണ്. സി.പി.എം കുഴിച്ച കുഴിയിൽ യു.ഡി.എഫ് വീണു.

വിശുദ്ധ ​ഗ്രന്ഥത്തെ അപമാനിച്ചത് ഭരിക്കുന്നവരാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോത്തിനെ ഉയർത്തി വോട്ട് പിടിച്ച സി.പി.എം ഇത്തവണ ഖുറാനെ ആയുധമാക്കുകയാണ്.
ലൈഫ് മിഷൻ തട്ടിപ്പിലെ പ്രധാന ​ഗുണഭോക്താവ് മുഖ്യമന്ത്രി ആയതുകൊണ്ടാണ് അതിനെ കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം മിണ്ടാത്തതെന്ന് സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷനിലെ കമ്മീഷനിൽ പങ്ക് പറ്റിയത് മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് പറഞ്ഞതുകൊണ്ടാണ് തനിക്കെതിരെ പിണറായി ഹാലിളകി വന്നത്. തട്ടിപ്പ് നടന്നതുകൊണ്ടാണ് കരാർ വിവരങ്ങൾ മറച്ചുവെക്കുന്നത്. ജനങ്ങളുടെ പണം ഉപയോ​ഗിച്ചാണ് സർക്കാർ കിഫ്ബിയുടെ പരസ്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്ര പരസ്യം കൊടുത്താലും അഴിമതി മറച്ചുവെക്കാനാവില്ല. പി.ആർ ഏജൻസികൾക്ക് കൊടുത്ത പണം പോലെ ഇതും വെള്ളത്തിലാവും. കേരള സർവ്വകലാശാല അസി.നിയമന തട്ടിപ്പ് പിണറായി സർക്കാർ അട്ടിമറിച്ചു. സി.പി.എം ഉന്നത നേതാക്കളെ രക്ഷിക്കാനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമന തട്ടിപ്പുകളിലൊന്ന് ക്രെൈംബ്രാഞ്ചിനെ ഉപയോ​ഗിച്ച് അട്ടിമറിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നടത്തുന്ന എല്ലാ ഉദ്ഘാടന പരിപാടികളും ബി.ജെ.പി ബഹിഷ്ക്കരിക്കും. ജലീൽ വിഷയവും സർക്കാരിന്റെ രാജിയും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Back to top button
error: