സിദ്ധിഖ് ,ഭാമ എന്നിവരുടെ മൊഴിമാറ്റത്തെ രൂക്ഷമായി വിമർശിച്ച് നടി രേവതി സമ്പത്ത് .ഒപ്പം നടൻ സിദ്ധിഖിനെതിരെയുള്ള ആരോപണം നടി ആവർത്തിച്ചു .
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ധിഖും നടി ഭാമയും മൊഴി മാറ്റി പറഞ്ഞിരുന്നു .ഈ പശ്ചാത്തലത്തിൽ ആണ് രേവതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് .
2019 ൽ നടൻ സിദ്ധിഖിനെതിരെ മീ ടൂ ആരോപണവുമായി രേവതി രംഗത്ത് എത്തിയിരുന്നു .നിള തിയ്യേറ്ററിൽ വച്ച് സിദ്ധിഖിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നും അത് മാനസിക സംഘർഷത്തിലേക്ക് നയിച്ചുവെന്നും രേവതി ആരോപിച്ചിരുന്നു .ഡബ്ലിയു സി സിക്കെതിരെ കെ പി എ സി ലളിതക്കൊപ്പം സിദ്ധിഖ് നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ ഷെയർ ചെയ്തായിരുന്നു അന്നത്തെ രേവതിയുടെ പോസ്റ്റ് .
“ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എല്ലാം തുറന്നു പറയുന്നതിൽ നിന്ന് എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.
സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവൾ സുരക്ഷിതയായിരിക്കുമോ എന്ന് ഞാൻ ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാൾക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യൻമാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു– രേവതി അന്ന് കുറിച്ചു
ഈ സംഭവം ഒരിക്കൽ കൂടി ചൂണ്ടിക്കാട്ടിയാണ് നടിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രേവതി വീണ്ടും ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത് .
“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !!
ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും.
സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ !
#അവൾക്കൊപ്പം – രേവതി ഫേസ്ബുക് പോസ്റ്റ് പറയുന്നു .