നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും നടന്‍ സിദ്ദിഖും വിചാരണക്കോടതിയില്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും നടന്‍ സിദ്ദിഖും വിചാരണക്കോടതിയില്‍ ഹാജരായി. ഇരുവരെയും ഇന്ന് വിസ്തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.

തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടു എന്ന് വെളിപ്പെടുത്തിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് .ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു .

കഴിഞ്ഞ ദിവസം കേസില്‍ വിസ്താരത്തിനായി എം.എല്‍.എയുമായ മുകേഷ് കോടതിയില്‍ ഹാജരായിരുന്നു. മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നതിനാല്‍ കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കുന്നതില്‍ മുകേഷിന്റെ മൊഴികള്‍ നിര്‍ണായകമാകുമെന്നതിനാലാണ് മൊഴി രേഖപ്പെടുത്തിയത്.

ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് പള്‍സര്‍ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നും ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കേസില്‍ പ്രധാനമാണ്.

2017 ഫെബ്രുവരി 18 നാണു കേസിന് ആസ്പദമായ സംഭവം .2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി .85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം കര്‍ശന ഉപാധികളോടെ ആണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. കേസില്‍ 50 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *