LIFENEWS

രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്റിനെ കോൺഗ്രസ് മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകത്തിൽ തെരഞ്ഞെടുപ്പ് പോരിന് ഇറക്കുന്നതെന്തിന് ?

ധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ദ്വിമുഖ തന്ത്രം പയറ്റുകയാണ് കോൺഗ്രസ് .പാർട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകത്തിൽ രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്റിനെ ഇറക്കിയാണ് കോൺഗ്രസിന്റെ തന്ത്രം .

Signature-ad

മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ് .22 കോൺഗ്രസ് എംഎൽഎമാരെ രാജിവെപ്പിച്ചാണ് കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് സിന്ധ്യ അധികാരം ബിജെപിയ്ക്ക് കൈമാറിയത് .മൂന്ന് എംഎൽഎമാർ കൂടി രാജിവച്ച് കൂറുമാറുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തതോടെ 28 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു .ഒക്ടോബർ മധ്യത്തിൽ ആണ് ഉപതെരഞ്ഞെടുപ്പ് .

“മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമല്നാഥ്ജി എന്നോട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ ആവശ്യപ്പെട്ടു .ഞാൻ തീർച്ചയായും അത് ചെയ്യും .കോൺഗ്രസിന്റെ വിശ്വസ്തനായ പടയാളി ആണ് ഞാൻ .എനിക്ക് പരിചയമുള്ള മേഖലയിൽ കൂടി ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത് .രാജസ്ഥാൻ അതിർത്തിയിലുള്ള നിരവധി മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് .”സച്ചിൻ പൈലറ്റ് വ്യക്തമാക്കി .

തെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റിൽ 16 എണ്ണവും ഗ്വാളിയോർ -ചമ്പൽ മേഖലയിലാണ് നടക്കുന്നത് .ഇത് ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമാണ് .മാൾവാർ -നിമാർ മേഖലയിലെ 7 സീറ്റുകളും തനിക്ക് നിർണായക സ്വാധീനം ഉണ്ടെന്നാണ് സിന്ധ്യ കരുതുന്നത് .

തെരഞ്ഞെടുപ്പിൽ മൂന്ന് തട്ടിലാണ് ബിജെപി എന്നാണ് റിപ്പോർട്ട് .ഒരു വിഭാഗം സിന്ധ്യയുടെ പിന്നിലും ഒരു വിഭാഗം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പിന്നിലും ഒരു വിഭാഗം കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പിന്നിലും അണിനിരക്കുന്നു .സിന്ധ്യയെ ചതിയൻ ആയി വിശേഷിപ്പിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം .

ഗുജ്ജർ വോട്ടർമാർക്ക് നിർണായക സ്വാധീനം ഉള്ള നിരവധി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.ഗുജ്ജർ നേതാവെന്ന നിലയ്ക്ക് സച്ചിൻ പൈലറ്റിന് നിർണായക സ്വാധീനം ചെലുത്താൻ ആവുമെന്നാണ് കോൺഗ്രസ്സ് കരുതുന്നത് .മൊത്തം സീറ്റുകളിൽ പകുതി എങ്കിലും പിടിക്കാൻ ആയെങ്കിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിന് ഇറങ്ങാത്ത തെരഞ്ഞെടുപ്പിൽ വിജയത്തിന്റെ ക്രെഡിറ്റ് സച്ചിന് ലഭിക്കും .

2015 നവംബറിൽ മധ്യപ്രദേശിലെ രത്‌ലം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ സ്റ്റാർ ക്യാമ്പയിനർ സച്ചിൻ പൈലറ്റ് ആയിരുന്നു .തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു .എംപി കാന്തിലാൽ ബുറിയ വിജയത്തിന് നന്ദി അറിയിച്ച് സച്ചിൻ പൈലറ്റിന് കത്തെഴുതി .

പൈലറ്റ് -സിന്ധ്യ പോര് കൗതുകകരമാണ് .അതിൽ ഒന്നാമത്തെ കാര്യം ഇരുവരും തമ്മിലുള്ള സൗഹൃദം ആണ് .രണ്ടാമത്തെ കാര്യം രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് വിമത ശബ്ദം പുറപ്പെടുവിച്ചപ്പോൾ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചത് സിന്ധ്യയാണ് .എന്നാൽ സച്ചിൻ കോൺഗ്രസിൽ തന്നെ തുടർന്നു .

Back to top button
error: