TRENDING

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്ക് വഴി സംഘടിത ശ്രമം

ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പുകള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ഫെയ്‌സ്ബുക്ക് ജീവനക്കാരി. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക് ഗ്രൂപ്പുകള്‍ വഴി ‘സംഘടിത ശ്രമ’മുണ്ടായെന്നാണ് മുന്‍ ജീവനക്കാരി സോഫി ചാങ് വെളിപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ ജീവനക്കാര്‍ക്കെഴുതിയ കുറിപ്പിലാണ് ചാങ്ങിന്റെ വെളിപ്പെടുത്തല്‍.

അത്തരം ശ്രമങ്ങളെ കമ്പനി കണ്ടെത്തിയിരുന്നെന്നും ആ ഗ്രൂപ്പുകളെ നീക്കം ചെയ്യാനുളള ജോലിയില്‍ താനും ഉള്‍പ്പെട്ടിരുന്നെന്നും ചാങ് പറഞ്ഞു. അതേസമയം, അത്തരം ഗ്രൂപ്പുകളെപ്പറ്റിയോ അതിനു പിന്നില്‍ ആരാണെന്നതിനെപ്പറ്റിയോ അവ നീക്കം ചെയ്തതിനെപ്പറ്റിയോ ഫെയ്‌സ്ബുക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Signature-ad

ഡല്‍ഹി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ആയിരത്തിലധികം പേരുള്‍പ്പെടുന്ന ഒരു ശൃംഖല പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് സോഫി ചാങ് പറഞ്ഞത്. വിദ്വേഷ പ്രസംഗ വിഷയത്തില്‍ ബിജെപിക്കെതിരെ നടപടിയെടുക്കാത്തത് വിമര്‍ശനവിധേയമായ പശ്ചാത്തലത്തില്‍ക്കൂടിയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇന്ത്യയില്‍ മാത്രമല്ല, യുക്രെയ്ന്‍, സ്‌പെയ്ന്‍, ബ്രസീല്‍, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലും രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനുള്ള സംഘടിത പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പല രാജ്യങ്ങളിലെയും തിരഞ്ഞടുപ്പുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടായെന്നും സോഫി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും കണ്ടെത്തി നീക്കം ചെയ്യുന്ന ടീമിലെ അംഗമായിരുന്നു ഡേറ്റ സയന്റിസ്റ്റ് ആയ സോഫി ചാങ്.

അതേസമയം, കുറിപ്പിനു പിന്നാലെ വിവാദങ്ങള്‍ ശക്തമാകുകയാണ്. മാത്രമല്ല ഈ വിവരം ചോര്‍ന്നത് ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ ക്ഷീണമുണ്ടാക്കും.

Back to top button
error: