മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് രണ്ടു ദിവസമായെന്നു സൂചന

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ വലിയ പ്രതിഷേധങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത.് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന്റെ മൊഴി ഇഡി രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചതിന് മറുപടി ജലീല്‍ എഴുതി നല്‍കുകയായിരുന്നു. ഈ ഉത്തരങ്ങളില്‍ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. അതേസമയം, മന്ത്രി നല്‍കിയ മൊഴി ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ഇതിന് ശേഷമായിരിക്കും മന്ത്രിയെ ഇനി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച വ്യക്തത വരികയുള്ളൂ.

വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് മന്ത്രി കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ആദ്യമെത്തിയതെന്നാണ് വിവരം. രാത്രി പതിനൊന്നോടെ തിരിച്ചുപോയ മന്ത്രി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ഹാജരായി. അതേ സമയം ഇക്കാര്യത്തില്‍ ഇതുവരെ മന്ത്രി ഔദ്യോഗികമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്നും ആരോടും ഇക്കാര്യം പറയരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചതായി ഇഡി പറഞ്ഞു.

അതേ സമയം സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്ത മന്ത്രി കെ. ടി. ജലീലിനു പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതു സ്ഥിരീകരിച്ച മുഖ്യമന്ത്രി, ജലീലിനെതിരെ ഒരു ആരോപണവുമില്ലെന്നും കെട്ടിച്ചമച്ച കഥയുടെ പേരില്‍ രാജിയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്ത ശേഷവും അതിനെക്കുറിച്ച് അറിയില്ലെന്നു ജലീല്‍ കള്ളം പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, അതൊന്നും തനിക്കറിയാവുന്ന കാര്യമല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇഡിക്ക് പിന്നാലെ ഇനി ഏതു കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്താലും ജലീലിനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയും ജലീല്‍ നിരപരാധിയെന്ന് പറഞ്ഞതോടെ പ്രതിപക്ഷ സമരങ്ങള്‍ ഗൗനിക്കില്ലെന്ന സന്ദേശമാണ് ഇടതുമുന്നണി നല്‍കുന്നത്. ഇഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ജലീല്‍ ധരിപ്പിച്ചിരുന്നു. ജലീലിന്റെ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് സംശയങ്ങളില്ല. ആരോപണം ഉയര്‍ന്നാല്‍ മന്ത്രിമാര്‍ രാജിവച്ച് മാറുന്നത് ഉചിതമല്ലെന്നാണ് ഈ മന്ത്രിസഭയിലെ മുന്‍ രാജികള്‍ പഠിപ്പിച്ചതെന്നാണ് സിപിഎം കാഴ്ചപ്പാട്. എന്നാല്‍ ജലീല്‍ രാജി വയ്ക്കും വരെ സമരമെന്ന പ്രഖ്യാപനത്തില്‍ നിന്നും പ്രതിപക്ഷ സംഘടനകള്‍ പിന്നോട്ടില്ല. ഇതോടെ സമരമുഖം കൂടുതല്‍ തീവ്രമാകുമെന്നുറപ്പായി. ഇതിനിടെ സംസ്ഥാനത്ത് കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമായി തന്നെ തുടരുകയണ്. ഇന്നും വ്യാപക പ്രതിഷേധമാണ് നടന്നത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്.

സ്വര്‍ണക്കടത്ത് കേസിനിടെയാണ് യു.എ.ഇ.യില്‍നിന്ന് മതഗ്രന്ഥങ്ങള്‍ വന്നവിവരം പുറത്തുവരുന്നത്. വിവാദ പെട്ടികള്‍ വിദ്യാഭ്യാസവകുപ്പിന്റെ വാഹനത്തില്‍ കൊണ്ടുപോയത് ആരോപണത്തിന് തീപിടിക്കുന്നതിന് കാരണമായി. സ്വപ്നാ സുരേഷുമായുള്ള ഫോണ്‍വിളി വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മന്ത്രി തീര്‍ത്തും പ്രതിരോധത്തിലായി. പെട്ടികളില്‍ വന്നത് മതഗ്രന്ഥങ്ങള്‍ തന്നെയാണോയെന്ന ചോദ്യവും ഉയര്‍ന്നു. ഇ.ഡി.യുടെ അന്വേഷണംകൂടിയായതോടെ മന്ത്രി സംശയനിഴലിലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *