LIFENEWS

കേരളത്തെ ഇളക്കിമറിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷ് ചികിത്സയില്‍ കഴിയുന്ന ആശുപത്രി അനില്‍ അക്കരെ എം.എല്‍.എ സന്ദര്‍ശിച്ചത് വിവാദമാകുന്നു

സ്വപ്‌ന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അനില്‍ അക്കരെ എം.എല്‍.എ ഇവിടെയെത്തിയത്. ഇതോടെ എം.എല്‍.എയുടെ വിവാദസന്ദര്‍ശനം സംബന്ധിച്ച് എന്‍. ഐ.എ അന്വേഷണം തുടങ്ങി. സ്വപ്‌നയെ പ്രവേശിപ്പിച്ച രാത്രി എന്തിനാണ് ആസ്പത്രിയില്‍ എത്തിയതെന്ന് എംഎല്‍എയോട് എൻ.ഐ.എ ആരാഞ്ഞു. മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എന്നായിരുന്നു അനില്‍ അക്കരെ നല്‍കിയ മറുപടി.

നേരത്തേ ഇതേ വിഷയത്തില്‍ മന്ത്രി എം.സി മൊയ്തീനെതിരെ അനില്‍ അക്കര രംഗത്തെത്തിയിരുന്നു. സ്വപ്‌ന സുരേഷ് മെഡിക്കല്‍ കോളജില്‍ കിടക്കുന്ന സമയത്തു പെട്ടെന്നൊരു പരിപാടിയുണ്ടാക്കി സ്ഥലം എം.എല്‍.എ പോലും അറിയാതെ മന്ത്രി എ.സി. മൊയ്തീന്‍ വന്നതു ഗൂഢാലോചനയാണെന്നും സ്വപ്‌നയ്ക്ക് ആവശ്യമായ സൗകര്യംചെയ്തു കൊടുക്കുന്നതിനു വേണ്ടിയാണ് ഇതെന്നും അനില്‍ അക്കര എം.എല്‍.എ ആരോപിച്ചിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രിക്കെതിരെ എം.എല്‍.എ ആരോപണമുയര്‍ത്തിയത്.

Signature-ad

ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എം.എല്‍.എ, എം.പി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നുമായിരുന്നു അനില്‍ അക്കരെയുടെ ആരോപണം. ഇതിനിടെയാണ് എന്‍.ഐ.എ, എംഎല്‍എയുടെ ആസ്പത്രി സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

സ്വപ്‌ന ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ സന്ദര്‍ശനം നടത്തിയ പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ പരിശോധിക്കുന്നുണ്ട്. സ്വപ്‌നയുടെ ഫോണ്‍വിളികളെക്കുറിച്ചും മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം നഴ്‌സുമാരുടെ ഫോണുപയോഗിച്ചെന്ന ആരോപണം തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരും പരിശോധിക്കുന്നുണ്ട്. സ്വപ്‌ന സുരേഷിന് ഫോണ്‍ നല്‍കിയിട്ടില്ലെന്നും പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമാണ് സ്വപ്‌നയെ കണ്ടതെന്നും നഴ്‌സുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഏഴിനായിരുന്നു നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വപ്‌നയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസത്തിന് ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്. ഈ സമയത്ത് പല ഉന്നതരുമായി ബന്ധപ്പെട്ടുവെന്നുമാണ് ആരോപണം.

Back to top button
error: