NEWS

ലീഗ് നേതാക്കളുടെ ജ്വല്ലറി തട്ടിപ്പിൽ ഉന്നത തല അന്വേഷണം വേണമെന്ന് സി പി ഐ എം

മഞ്ചേശ്വരം എം.എൽ.എ എം സി ഖമറൂദ്ദീന്റെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ നടത്തിയ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഇതിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം സർക്കാർ നടത്തണം.

നിക്ഷേപ തട്ടിപ്പിൽ 33 കേസാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എം.എൽ.എക്കെതിരെ ഇത്രയധികം കേസ്ര ജിസ്റ്റർ ചെയ്യപ്പെടുന്നത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. ഓരോ ദിവസവും നിരവധി ആളുകളാണ് പുതുതായി പരാതിയുമായി മുന്നോട്ടു വരുന്നത്. 150 കോടിയോളം രൂപയാണ് സമാഹരിച്ചതായി വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയ്ർമാനായ എം.സി ഖമറൂദ്ദീനും എം.ഡിയായ പൂക്കോയതങ്ങളും രജിസ്റ്റർ ചെയ്തത്. 2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികൾ രജിസ്റ്റർ ചെയ്തത്. ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല. മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയിൽ വീഴ്ത്തിയത്. ലീഗ് നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ആദ്യം ആരും പരാതി നൽകാൻ തയ്യാറാവാതിരുന്നത്. നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകിയത്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം പരാതികൾ ഉയർന്നു വരികയും ഖമറുദ്ദീന്റെ സ്ഥാനാർത്ഥിത്വം ഭാവിയിൽ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വം ഖമറൂദ്ദിന്റെ പിന്നിൽ ശക്തമായി നിലയുറപ്പിക്കുകയാണ് ചെയ്തത്. എന്നാൽ ജ്വല്ലറി തട്ടിപ്പ് സംബദ്ധിച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പരാതികൾ അത്യന്തം ഗൗരവമുള്ളതാണ്. വ്യക്തമായ ആസൂത്രണത്തോടെ നിക്ഷേപകരെ കമ്പളിപ്പിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. എം.എൽ.എയെ സംരക്ഷിക്കുന്ന മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ ലീഗ് അണികൾ തന്നെ കടുത്ത രോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ ഇത് നടന്നിരിക്കുന്നത് എന്ന് വേണം സംശയിക്കാൻ. ലീഗിന്റെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് പുറത്തുവന്ന പ്രഖ്യാപനം ഈ തട്ടിപ്പിൽ നിന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്.

തലശ്ശേരിയിലെ മർജാൻ ഗോൾഡ് കടയിൽ കയറി ഖമറുദ്ദീനും സംഘവും 25 കിലോ സ്വർണ്ണം കൊള്ളയടിച്ച് കൊണ്ടുപോയതായി പരാതി ഉയർന്നുവന്നിരിക്കുന്നു.

കൃത്രിമ രേഖയുണ്ടാക്കി വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തിലും ഖമറൂദ്ദീൻ എം.എൽ.എ അടക്കമുള്ള മുസ്ലീം ലീഗ് നേതാക്കൾക്ക് പങ്കുണ്ടെന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്. ജനങ്ങളെ കമ്പളിപ്പിച്ച് തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ച് വരുന്നുണ്ട്. എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ചും ഉയർന്നുവന്ന മറ്റ് ആക്ഷേപങ്ങളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Back to top button
error: