കോവിഡ് മാരക രോഗമെന്ന് ട്രംപിന് മുന്‍കൂട്ടി അറിയാമായിരുന്നു
വാഷിങ്ടണ്‍: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ബോബ് വുഡ്വേഡ്. അദ്ദേഹത്തിന്റെ ‘റേജ്’ എന്ന പുസ്തകത്തിലാണ് കോവിഡ് മാരക രോഗമെന്ന് ട്രംപിന് മുന്‍കൂട്ടി അറിയാമായിരുന്നു എന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്.
രോഗം വായുവില്‍ കൂടി പകരുമെന്ന അറിവും ട്രംപ് മറച്ചുവച്ചതായും പുസ്തകത്തില്‍ പറയുന്നു. അതേസമയം,രോഗം ജലദോഷം പോലെയാണെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ പരസ്യനിലപാട്. പുസ്തകം സെപ്റ്റംബര്‍ 15ന് പുറത്തുവരും.
ഭീതി സൃഷ്ടിക്കാതിരിക്കാന്‍ മഹാമാരിയുടെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്‌ക്കേണ്ടിവന്നുവെന്ന് വുഡ്വേര്‍ഡിനോട് ട്രംപ് പറഞ്ഞതായി വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ ട്രംപുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസ് ഫ്‌ലൂവിനേക്കാള്‍ മാരകമാണെന്നും വായുവിലൂടെ പകരുമെന്നും ട്രംപ് പറയുന്നത് ഫെബ്രുവരി ഏഴിനെടുത്ത അഭിമുഖത്തിന്റെ ഓഡിയോ ക്ലിപ്പും വാഷിങ്ടന്‍ പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. കോവിഡ്19നെയും സാമ്പത്തിക പ്രശ്‌നങ്ങളെയും മറികടക്കുമെന്ന് ട്രംപ് പറയുന്നതായും പുസ്തകത്തിലുണ്ട്. അതേസമയം, കള്ളം പറഞ്ഞുവെന്ന ആരോപണത്തെ പ്രസിഡന്റ് ട്രംപ് പ്രതിരോധിച്ചു. ഈ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ നവംബര്‍ 3ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കുമെന്നതില്‍ സംശയമില്ല.