പ്രിയങ്ക ഉറച്ച് തന്നെ ,യുപി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക സമിതികളിൽ നേതൃത്വത്തിനെതിരെ കത്തെഴുതിയവർക്ക് സ്ഥാനമില്ല
2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി കോൺഗ്രസ്സ് രൂപം കൊടുത്ത സമിതിയിൽ നിന്ന് നേതൃത്വത്തിനെതിരെ കത്തെഴുതിയവർ പുറത്ത് .നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഉൾപ്പെട്ട ജിതിൻ പ്രസാദ ,രാജ് ബബ്ബാർ എന്നിവരാണ് സമിതികളിൽ നിന്ന് പുറത്തായത് .
മുൻ കേന്ദ്രമന്ത്രിയും ഉത്തർ പ്രദേശിൽ നിന്നുള്ള നേതാവുമായ ആർ പി എൻ സിങ്ങും സമിതിയിൽ ഇല്ല .ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച പാർട്ടി നിലപാടിനോട് ആർ പി എൻ സിങ്ങ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു .ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയോട് അടുപ്പമുള്ള നേതാക്കൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് .ഞായറാഴ്ച രാത്രിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് സമിതികൾ പ്രഖ്യാപിച്ചത് .
ഗുലാം നബി ആസാദ് ,കപിൽ സിബൽ ,ശശി തരൂർ ,മനീഷ് തിവാരി എന്നിവരടക്കം 23 പേരാണ് നേതൃത്വത്തിനെതിരെ കത്തെഴുതിയത് .ഇത് മാധ്യമങ്ങൾക്ക് ചോർന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു .കത്തിൽ ഒപ്പിട്ട ജിതേന്ദ്ര പ്രസാദയെ പുറത്താക്കണമെന്ന് ഉത്തർപ്രദേശിലെ ഒരു ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു .ഉത്തര്പ്രദേശ് മുൻ അധ്യക്ഷൻ കൂടിയാണ് സമിതികളിൽ ഇടം പിടിക്കാതെ പോയ രാജ് ബബ്ബാർ .
മറ്റു മുതിർന്ന നേതാക്കളും യുവാക്കളും അടങ്ങിയതാണ് സമിതികൾ .തെരഞ്ഞെടുപ്പ് പ്രകടന പത്രിക ,പ്രചാരണ പരിപാടികൾ ,പരിപാടി നടപ്പാക്കൽ ,മീഡിയ എന്നിവയ്ക്കായാണ് സമിതികൾ .പ്രകടന പത്രിക സമിതിയെ നയിക്കുന്നത് സൽമാൻ ഖുർഷിദ് ആണ് .മാധ്യമ സമിതി റാഷിദ് അൽവിയുടെ നേതൃത്വത്തിൽ ആണ് .അനുരാഗ് നാരായൺ മെമ്പർഷിപ് സമിതിയെ നയിക്കുന്നു .തെരഞ്ഞടുപ്പ് കമ്മിറ്റിയെ നയിക്കുന്നത് രാജേഷ് മിശ്രയാണ് .സമിതികളുടെ ഏകോപന നേതൃത്വം വഹിക്കുക ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റ് അജയകുമാർ ലല്ലുവാണ്.