അവൾ ധീര, ആക്രമിക്കപ്പെട്ടിട്ടും മനുഷ്യമൃഗത്തിനെതിരെ തെളിവുണ്ടാക്കി
കേരളമനസാക്ഷിയെ ഒന്നടങ്കം പിടിച്ചുലച്ച സംഭവമായിരുന്നു കോവിഡ് രോഗിയായ പെണ്‍കുട്ടിക്ക് ഏറ്റ പീഡനം. പ്രതിയായ ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത സമൂഹത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു. പീഡിപ്പിച്ചതിന് ശേഷം മാപ്പ് പറയുന്നത് കൊണ്ട് പെണ്ണിന്റെ നഷ്ടപ്പെട്ട മാനം തിരിച്ച് കിട്ടുന്നില്ല. ഇതിലൂടെ തന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പറ്റാത്ത ഒന്ന് സംഭവിച്ചിരിക്കുന്നു എന്ന് കരുതി മാറി നില്‍ക്കാനല്ല അവള് ശ്രമിച്ചത്. മറിച്ച് പ്രതിയുടെ മാപ്പ് പറച്ചിലിനെ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തപ്പോള്‍ അവളിലെ പെണ്‍കരുത്താണ് ലോകം കണ്ടത്. ഇതാണ് കേസിലെ നിര്‍ണായക തെളിവായി മാറിയത്.
കേരളത്തിലെ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് പുലര്‍ച്ചെ ആറന്മുളയില് കോവിഡ് രോഗിയായ ഇരുപതുകാരിക്ക് എതിരെയുണ്ടായ പീഡനം. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡെന്ന മഹാമാരിക്കായി ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യ സേവനത്തെ മറയാക്കിയ ആംബുലന്‍സ് ഡ്രൈവറുടെ പ്രവര്‍ത്തി എന്തിനും ഏതിനും അഭിമാനിക്കുന്ന കേരളത്തിന് അപമാനമായി മാറിയിരിക്കുകയാണ്.
കോവിഡ് രോഗിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യം മാത്രമാണ് ഏതൊരു ആംബുലന്‍സ് ഡ്രൈവര്ക്കുമുണ്ടാവേണ്ടത്. എന്നാല്‍ തന്റെ ആംബുലന്‍സിലുളള രണ്ട് രോഗികളെ പെട്ടെന്ന് ശുപത്രിയിലെത്തിക്കേണ്ടതിന് പകരം വളഞ്ഞ വഴി സ്വീകരിച്ചത് പ്രതിയുടെ കരുതികൂട്ടിയുളള ശ്രമമായി കാണുന്നു. ഒരു യുവതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കണമെന്ന് ഡ്രൈവര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അതുപ്രകാരം ആ യുവതിയെ ഇറക്കി. തുടര്‍ന്ന് ഇരുപതുകാരിയായ പെണ്‍കുട്ടിയുമായി യാത്ര തിരിച്ച ഡ്രൈവര്‍ യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയായിരുന്നു.
വനിതകമ്മീഷന് സ്വമേധയാ കേസെടുത്ത സംഭവത്തില്‍ പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് വരികയാണ്. ഇതോടെ സ്ത്രീകളുടെ സുരക്ഷിതത്വത്തെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമെങ്കിലും ഒരു ചര്‍ച്ചയില്‍ മാത്രം ഒതുങ്ങാനാണ് ഒരു ഭൂരിപക്ഷം ജനങ്ങളും ശ്രമിക്കുന്നത്. എന്നാലും വളര്‍ന്ന് വരുന്ന തലമുറയ്ക്ക് മുമ്പില്‍ ഒരു ചോദ്യ ചിഹ്നമായി സ്ത്രീയുടെ സുരക്ഷിതത്വം മാറുമോ എന്ന ഭയമില്ലാതില്ല.