ഭരണപക്ഷം അക്രമ ഉപാസകരെന്ന് മുല്ലപ്പള്ളി
അക്രമത്തെ ഉപാസിക്കുന്ന നേതാക്കളാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം അക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ജി.ലീനയുടെ തിരുവനന്തപുരം മുട്ടത്തറയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.
അഴിമതി ആരോപണങ്ങളില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം. ഈ ഇരട്ടക്കൊലയുടെ മറവില്‍ സംസ്ഥാനവ്യാപകമായി സംഘടിത അക്രമങ്ങളാണ് സി.പി.എം ഗുണ്ടകള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും എതിരെ നടത്തുന്നത്. വിവിധ ജില്ലകളിലായി 142ല്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വായനശാലകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും നശിപ്പിച്ചു. ഇത് പ്രബുദ്ധ കേരളത്തിന് നാണക്കേടാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മൂന്ന് വ്യാഴാഴ്ച ഉപവാസം അനുഷ്ഠിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
ഈ ഇരട്ടക്കൊലപാതകത്തെ സി.പി.എം ആഘോഷമാക്കിമാറ്റി. സംസ്ഥാനത്തിനക്കത്തും പുറത്തും പണം പിരിക്കാനുള്ള പുതിയ അവസരമായിട്ടാണ് സി.പി.എം ഈ ഇരട്ടക്കൊലപാതകത്തെ കാണുന്നത്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സി.പി.എം നേതാക്കള്‍ പ്രശ്‌നം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയൂ. അതുകൊണ്ടാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്
പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ആദ്യം പറഞ്ഞ് രാഷ്ട്രീയ കൊലപാതമല്ലെന്നാണ്. എന്നാല്‍ റൂറല്‍ എസ്.പി അന്വേഷണ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇരട്ടക്കൊല കേസിന്റെ ഗതിമാറാന്‍ തുടങ്ങിയത്. അദ്ദേഹം ഈ കേസിന് രാഷ്ട്രീയമാനം നല്‍കാന്‍ ശ്രമിക്കുന്നു. റൂറല്‍ എസ്.പിയുടെ പഴയകാല ചരിത്രം പരിശോധിക്കണം.
വെഞ്ഞാറമൂട് കൊലപാതകത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്. വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് സി.പി.എം നേതാക്കളുടെ ശൈലിയാണ്. ഇത് രാഷ്ട്രീയ കൊലപാതകമല്ല. രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കാലാശിച്ചത്. ഇരുവരുടേയും പക്കല്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നെന്ന് പുറത്ത് വന്ന ദൃശ്യങ്ങളിലൂടെ തന്നെ വ്യക്തമാണ്. മട്ടന്നൂരില്‍ ഷുഹൈബും കല്യാട്ട് ശരത്‌ലാലും കൃപേഷും ദാരുണമായി സി.പി.എം ഗുണ്ടകള്‍ വെട്ടി കൊലചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എം ഓഫീസുകളുടെ മേല്‍ ഒരുതരി മണല്‍പ്പോലും വീഴ്ത്തിയിട്ടില്ല. അക്രമം കോണ്‍ഗ്രസിന്റെ ശൈലിയല്ല. സമാധാനമാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിടുവായത്തത്തിന് പേരുകേട്ട മന്ത്രിയാണ് ഇ.പി.ജയരാജന്‍. അദ്ദേഹം ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ അടൂര്‍ പ്രകാശ് എം.പി നേരിട്ട് വെല്ലുവിളിച്ചിട്ടുണ്ട്. തന്റേടം ഉണ്ടെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സി.പി.എം തയ്യാറാകണം. കണ്ണൂര്‍ രാഷ്ട്രീയത്തെ രക്തപങ്കിലമാക്കാന്‍ സഹായകരമായ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള നേതാവാണ് ഇ.പി.ജയരാജന്‍. വി.എസ്.ശിവകുമാര്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, മണക്കാട് സുരേഷ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവരും കെ.പി.സി.സി പ്രസിഡന്റിനോടൊപ്പം ലീനയുടെ വീട് സന്ദര്‍ശിച്ചു.
കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഷയം അടഞ്ഞ അധ്യായമല്ലെന്നും അവരെ യു.ഡി.എഫ് പുറത്താക്കിയിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അവരോട് യു.ഡി.എഫ് ഒരിക്കലും നിഷേധനിലപാട് സ്വീകരിച്ചിട്ടില്ല. താന്‍ കേരള കോണ്‍ഗ്രസ് ഇരുപക്ഷം നേതാക്കളുമായി ആശയ വിനിമയം ഇതുവരെ നടത്തിയിട്ടില്ല. ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനം എടുക്കുമെന്നും കോണ്‍ഗ്രസ് ഒരു ഉപാധിയും വച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.