ഡോ.കഫീല്‍ ഖാന്‍ മോചിതനായി
ലക്‌നൗ: യു.പി സര്‍ക്കാര്‍ തടവിലാക്കിയിരുന്ന ഡോക്ടര്‍ കഫീല്‍ ഖാന്‍ മോചിതനായി. ഇന്ന് പുലര്‍ച്ചെയാണ് ഖാന്‍ ജയില്‍ മോചിതനായത്. പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശ സുരക്ഷാ നിയമപ്രകാരം ചുമത്തി യുപി സര്‍ക്കാര്‍ ജയിലിലാക്കിയ ഡോക്ടര്‍ കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് കഫീല്‍ ഖാന്റെ മോചനം.
അലിഗഢ് സര്‍വകലാശാലയില്‍ കഴിഞ്ഞ ഡിസംബര്‍ 10ന് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ജനുവരി 29 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു കഫീല്‍ ഖാന്‍. എന്നാല്‍ ഈ പ്രസംഗത്തില്‍ അക്രമമോ, വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ല. ദേശീയ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് ഉള്ളതെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായിട്ടാണ് കഫീല്‍ ഖാനെ തടവിലിട്ടിരിക്കുന്നതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ഉത്തരവിട്ട കോടതി, സര്‍ക്കാര്‍ ചുമത്തിയ ദേശ സുരക്ഷാ നിയമം (എന്‍എസ്എ) റദ്ദാക്കി. നേരത്തെ കഫീല്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് എന്‍എസ്എ ചുമത്തി വീണ്ടും തടവിലിടുകയായിരുന്നു. ഈ നടപടി ചോദ്യം ചെയ്തു കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, യുപി പൊലീസിനു കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.
ഗോരഖ്പൂരിലെ ബാബ രാഘവദാസ് മെഡിക്കല്‍ കോളേജിലെ അധ്യാപകന്‍ ആയിരുന്നു ഡോ . കഫീല്‍ ഖാന്‍.ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതോടെ കുരുന്നുകള്‍ 2017 ല്‍ കൂട്ടത്തോടെ മരണമടയുന്ന സ്ഥിതി വിശേഷം ഉണ്ടായി .സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി കഫീല്‍ഖാന്‍ ഓക്‌സിജന്‍ വാങ്ങിയത് വലിയ മാധ്യമവാര്‍ത്തകള്‍ ആയിരുന്നു .
എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണം നിലച്ചിട്ടില്ല എന്ന നിലപാട് എടുത്തു .മാത്രമല്ല ഡോ . കഫീല്‍ ഖാനെ നോഡല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു .അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയും ചെയ്തു .സെപ്തംബര്‍ രണ്ടിന് ഡോ . കഫീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു .ഡോക്ടര്‍ സമൂഹം ഒന്നാകെ ഇതിനെതിരെ പ്രതിഷേധിച്ചു .
ജയിലില്‍ ഇരുന്ന് അന്നത്തെ സംഭവവികാസങ്ങളെ കുറിച്ച് ഡോ . കഫീല്‍ ഖാന്‍ കത്തെഴുതി .കുട്ടികള്‍ ഓക്‌സിജന്‍ ഇല്ലാതെ പിടഞ്ഞു മരിക്കുമ്പോള്‍ താന്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നു അദ്ദേഹം കത്തില്‍ വിവരിക്കുന്നു .അടുത്തുള്ള ഓക്‌സിജന്‍ വിതരണ ഏജന്‍സികളെ വിളിച്ച കാര്യവും താന്‍ നേരിട്ട് ചെന്ന് സ്വന്തം പണത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച കാര്യവും ഡോ . കഫീല്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു .
ഇതിന്റെ പേരില്‍ തന്റെ കുടുംബം വേട്ടയാടപ്പെട്ട കാര്യവും യോഗി ആദിത്യനാഥ് തന്നോട് രോഷം പ്രകടിപ്പിച്ച കാര്യവും ഡോ . കഫീല്‍ ഖാന്‍ കത്തില്‍ ചൂണ്ടിക്കാട്ടി .2018 ഏപ്രിലില്‍ കഫീല്‍ ഖാനെ ബലിയാടാക്കുന്നതിന് എതിരെ ഡോക്ടര്‍മാരുടെ സംഘടന ഐ എം എ തന്നെ രംഗത്തെത്തി .ഇരുന്നൂറോളം ഡോക്ടര്‍മാര്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് കത്തെഴുതി .
2018 ഓഗസ്റ്റ് 11 നു ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിരുന്നുവെന്ന് പിന്നീട് ആശുപത്രി തന്നെ വിവരാവകാശ രേഖയില്‍ സമ്മതിച്ചു .ഖാന്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ് സിലിണ്ടറുകള്‍ എത്തിച്ചത് എന്ന് ആശുപത്രി സമ്മതിച്ചു .9 മാസത്തിനു ശേഷം ഏപ്രില്‍ 25 ന് ഖാന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു .ഖാന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി .
ഇതിനു പിന്നാലെ നിരന്തരം ഖാനും കുടുംബവും ആക്രമിക്കപ്പെട്ടു ,വേട്ടയാടപ്പെട്ടു .അന്ന് മുതല്‍ സംഘപരിവാര്‍ സംഘടനകളുടെ നോട്ടപ്പുള്ളിയാണ് ഡോ . കഫീല്‍ ഖാന്‍ .