CrimeNEWS

”പെരുമാറിയത് അടിമയെ പോലെ; പലതവണ ശമ്പളം ചോദിച്ചിട്ടും തന്നില്ല; തുണിപറിച്ചത് നാട്ടുകാര്‍ക്ക് മുന്നില്‍ മോശമാക്കാന്‍, ‘വിജയാ, വിജയാ’എന്നു വിളിച്ച് കൊന്നു”

കോട്ടയം: തിരുവാതുക്കലില്‍ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തില്‍ അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴിയില്‍ നിറഞ്ഞുനിന്നത് ഞെട്ടിപ്പിക്കുന്ന വൈരാഗ്യത്തിന്റെ കഥ. തന്റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പല്ലു കടിച്ചുകൊണ്ടാണ് അമിത് പൊലീസിനോട് വിവരിച്ചത്. മൊഴി നല്‍കുന്നതിനിടെ ‘വിജയന്‍.. വിജയന്‍’ എന്നു പല തവണ അലറി വിളിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

വിജയകുമാര്‍ മോഷണ കേസില്‍ തന്നെ അറസ്റ്റ് ചെയ്യിച്ചതാണ് പകയുടെ തുടക്കമെന്ന് അമിത് പറഞ്ഞു. എത്ര തവണ പറഞ്ഞിട്ടും കേസ് പിന്‍വലിക്കാന്‍ വിജയകുമാര്‍ തയാറായില്ല. താന്‍ ജയിലില്‍ പോകുന്ന സമയത്ത് ഭാര്യ ഗര്‍ഭിണിയായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ജയിലിലായിരുന്ന സമയം ഭാര്യയുടെ ഗര്‍ഭം അലസിപോയി. പിറ്റേന്ന് നാട്ടുകാര്‍ കൊലപാതക വിവരം അറിയുമെന്ന് അറിയാമായിരുന്നു. ആളുകള്‍ ‘വിജയനെ’ മോശമായി കാണട്ടെയെന്നു കരുതിയാണ് വിവസ്ത്രനാക്കിയതെന്നും അമിത് പൊലീസിനോട് പറഞ്ഞു.

Signature-ad

വിജയകുമാറിനെ മാത്രം കൊലപ്പെടുത്തുക ആയിരുന്നു തന്റെ ലക്ഷ്യം. എന്നാല്‍, ആരാ ആരാ എന്നു ചോദിച്ചു മീര വന്നപ്പോള്‍ തന്നെ തിരിച്ചറിയുമെന്ന് മനസിലാക്കി. ഇതോടെയാണ് മീരയേയും കൊലപ്പെടുത്തിയത്. ‘വിജയാ…വിജയാ’ എന്നുവിളിച്ചുകൊണ്ടാണ് വിജയകുമാറിനെ കൊലപ്പെടുത്തിയത്. ഈ ശബ്ദം കേട്ടാണ് മീര പുറത്തേക്ക് എത്തിയതെന്നും അമിത് പറഞ്ഞു.

അടിമയെ പോലെയാണ് തന്നോട് വിജയകുമാര്‍ പെരുമാറിയിരുന്നത്. പലതവണ ശമ്പളം ചോദിച്ചിട്ടും നല്‍കാതിരുന്നതിനാലാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. പണം നല്‍കാമെന്ന് പറഞ്ഞിട്ടും വിജയകുമാര്‍ കേസ് പിന്‍വലിക്കാന്‍ തയാറായില്ല. വിജയകുമാറിന്റെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഭാര്യയാണ്. തന്നെ മുന്‍പരിചയം ഉള്ളതിനാല്‍ വീട്ടിലെ വളര്‍ത്തുനായ കുരയ്ക്കില്ലെന്ന് അറിയാമായിരുന്നു. എങ്കിലും വീട്ടുവളപ്പിനുള്ളില്‍ കയറിയ ഉടനെ നായയുടെ അടുത്തെത്തി കയ്യില്‍ കരുതിയ പലഹാരം നല്‍കിയെന്നും അമിത് പൊലീസിനോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: