NEWS

ഡല്‍ഹി കലാപം; ദേവാംഗന കലിതക്ക് ജാമ്യം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയും വിമന്‍ കളക്ടീവ് പിഞ്ച്റ തോഡ്സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു. പ്രതി നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ദേവാംഗന കലിതയും നടാഷ നര്‍വാളും മെയില്‍ അറസ്റ്റിലായത്.

ഫെബ്രുവരി 24 ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരമായിരുന്നു ഇത്. കേസില്‍ ഡല്‍ഹി പൊലീസ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ച് ജാമ്യം അനുവദിച്ചിരുന്നു. തൊട്ടുപിന്നാലെ ഡല്‍ഹി കലാപത്തില്‍ പങ്കുചേര്‍ത്ത് ഇരുവരെയും വീണ്ടും അറസ്റ്റുചെയ്തു. ഈ കേസില്‍ രണ്ടുദിവസം കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന് ഗൂഡാലോചന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തുകയായിരുന്നു. സിഎഎ വിരുദ്ധ സമരത്തിലും ഇവര്‍ സജീവമായി പങ്കെടുത്തിരുന്നു. നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ചുമത്തിയത്.

Back to top button
error: