ഔദ്യോഗിക ബഹുമതികളോടെ പ്രണബ് ദായ്ക്ക് വിട; സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതിക ശരീരം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലോധി റോഡ് ശ്മശാനത്തില്‍ വെച്ചായിരുന്നു സംസ്കാരം.
രാജാജി റോഡിലെ വസതിയില്‍നിന്ന് ഭൗതികശരീരം ഒരുമണിയോടെ ലോധി റോഡ് ശ്മശാനത്തിലെത്തിച്ചു. മകന് അഭിജിത് മുഖര്‍ജി അടക്കം സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തവരെല്ലാം പിപിഇ കിറ്റു ധരിച്ചിരുന്നു.
രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിമാര്‍, സേനാ മേധാവികള്‍ തുടങ്ങി വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖര്‍ വസതിയില്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
ഓഗസ്റ്റ് 10ന്, തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ വൈകിട്ട് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ശര്‍മിഷ്ഠ മുഖര്‍ജി, അഭിജിത് മുഖര്‍ജി എന്നിവരാണു മക്കള്‍. പ്രണബ് മുഖര്‍ജിയുടെ വിയോഗത്തെത്തുടര്‍ന്ന് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട.്






