NEWS

രക്തസാക്ഷികളെ ഗുണ്ടകൾ എന്ന് പറഞ്ഞ് അപമാനിക്കുന്നു, മുല്ലപ്പള്ളിക്കെതിരെ സിപിഐഎം

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സിപിഐഎം രംഗത്ത്. വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ രക്തസാക്ഷികളെ ഗുണ്ടകൾ എന്ന് പറഞ്ഞ് അപമാനിക്കാൻ ആണ് മുല്ലപ്പള്ളി ശ്രമിക്കുന്നത് എന്ന് സിപിഐഎം പ്രസ്താവനയിൽ ആരോപിച്ചു.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവനയുടെ പൂർണ രൂപം

Signature-ad

വെഞ്ഞാറമൂടിൽ സഖാക്കൾ ഹഖ് മുഹമ്മദും മിഥിലജും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം കോൺഗ്രസ്സ് നേതൃത്വം ആസൂത്രണം ചെയ്തതാണ്. കൊലപാതകം നടത്തിയവരേയും ഗൂഡാലോചന നടത്തിയവരേയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. കോൺഗ്രസ്സ് നേതൃത്വം ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് ശ്രമിക്കുന്നത്. ഈ കൊലപാതകത്തെ ന്യായികരിച്ചുകൊണ്ടുള്ള നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് സ്വീകരിച്ചത് എന്നത് കോൺഗ്രസ്സ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അപമാനിക്കാനാണ് കെ.പി.സി.സി പ്രസിഡന്റ് ഈ സന്ദർഭം ഉപയോഗിച്ചത് ഇത് അത്യന്തം അപലപനീയമാണ്. ഒരോ പ്രശ്നങ്ങളിലും അവർ ജനങ്ങൾക്കിടയിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൂടുതൽ നിരാശരായി പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇവരുടെ പ്രകോപനത്തിൽ പെട്ടുപോകാതെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്താൻ പാർടി പ്രവർത്തകന്മാർ മുൻകയ്യെടുത്ത് പ്രവർത്തിക്കണം.

കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് സെപ്തംമ്പർ 2 ന് ആഹ്വാനം ചെയ്ത കരിദിനം വമ്പിച്ച വിജയമാക്കണം. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് പാർടി ബ്രാഞ്ച് അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിലായി 5 പേർ ഒരു കേന്ദ്രത്തിൽ അധികരിക്കാത്തവിധം കറുത്ത ബാഡ്ജ് ധരിച്ച് വൈകുന്നേരം 4 മണി മുതൽ 6 മണി വരെ ധർണ്ണാ സമരം സംഘടിപ്പിക്കണം. സമര കേന്ദ്രങ്ങളിൽ രക്തസാക്ഷികളായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ഫോട്ടോകൾ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് പരിപാടികൾ നടത്തേണ്ടത്. കൊലപാതക സംഘമായ യു.ഡി.എഫിനെതിരെ വമ്പിച്ച ബഹുജന രോഷമായി കരിദിനാചരണ പരിപാടി മാറണമെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

Back to top button
error: