NEWS

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകകേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ട്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും.

പ്രതികള്‍ കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് എഫ് ഐ ആര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ രാത്രി വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. വെമ്പായം പഞ്ചായത്തില്‍ ഇന്ന് യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Signature-ad

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പോലീസ് പറയുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആയ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെ ആയിരുന്നു ആക്രമണം.

നേരത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവന്‍,അന്‍സാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കസ്റ്റഡിയില്‍ ഉള്ള സജീവ്, സനല്‍, അജിത് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ആണ്.

അതേസമയം വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, പേട്ട തുടങ്ങി വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായി. വിവിധയിടങ്ങളില്‍ അടിച്ചും എറിഞ്ഞും തകര്‍ത്തപ്പോള്‍ വെഞ്ഞാറമൂട്ടില്‍ ഓഫിസിന് തീവച്ചു. കെപിസിസി അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ രമണി പി. നായരുടെ വീടിന് നേരെയും ആക്രമണമുണ്ടായി.

Back to top button
error: