NEWS

പോപ്പുലര്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; മക്കള്‍ക്ക് നിര്‍ണായക പങ്കെന്ന് സൂചന

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് പണം തട്ടിപ്പ് കേസിലെ പ്രതികളായ നാല് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് നടപടികള്‍.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെ രണ്ടാഴ്ച്ചയായി ഒളിവിലായിരുന്ന റോയി തോമസും ഭാര്യ പ്രഭയും ഇന്നലെ വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട എസ്പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. റിനു, റിയ എന്നിവര്‍ക്ക് കേസില്‍ നിര്‍ണായക പങ്ക് ഉണ്ടെന്ന് എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു കേരളത്തിലെ അന്വേഷണത്തിന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെ നിയോഗിച്ചു.

അതേസമയം, കോന്നി വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് നടന്ന പരിശോധനയില്‍ വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകള്‍ പൊലീസ് കണ്ടെത്തി. ചില നിര്‍ണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അടുത്തകാലം വരെ പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് ഇടപാടുകാര്‍ക്ക് രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍ കുറെ മാസങ്ങളായി വിവിധ പേരിലാണ് രേഖകള്‍ നല്‍കുന്നത്. പോപ്പുലര്‍ പ്രിന്റേഴ്‌സ്, പോപ്പുലര്‍ ട്രേഡേഴ്‌സ്, പോപ്പുലര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്, മൈ പോപ്പുലര്‍ മറൈന്‍ എന്നീ സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകളാണ് നിക്ഷേപകര്‍ക്കു നല്‍കിയത്.

കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമിക കണ്ടെത്തല്‍. വിവിധ സ്റ്റേഷനുകളിലായി മുന്നൂറില്‍പ്പരം പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്.

Back to top button
error: