ജനാധിപത്യത്തിന് പകരം ഏകാധിപത്യത്തിനു ശ്രമം ,ആഞ്ഞടിച്ച് സോണിയ ഗാന്ധി
രാജ്യത്ത് ഏകാധിപത്യ പ്രവണത വർധിക്കുക ആണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി .ഛത്തീസ്ഗഡിലെ പുതിയ അസംബ്ലി കെട്ടിടത്തിന്റെ ഭൂമിപൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോണിയ .നല്ല വിചാരങ്ങളെക്കാൾ മോശം വിചാരങ്ങൾക്കാണ് ഇപ്പോൾ പ്രചാരം ലഭിക്കുന്നതെന്നും അവർ പറഞ്ഞു .
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നു .വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്ത് സാധാരണമാകുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി .ജനങ്ങളെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു .
“ജനങ്ങളുടെ ശബ്‍ദം അടിച്ചമർത്താൻ ആണ് അവർ ആഗ്രഹിക്കുന്നത് .നമ്മുടെ യുവാക്കൾ ,ആദിവാസികൾ ,സ്ത്രീകൾ ,കർഷകർ ,കച്ചവടക്കാർ ,പട്ടാളക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളും വായടച്ച് പണിയെടുക്കണം എന്നാണ് ഇവർ ആഗ്രഹിക്കുന്നത് .”സോണിയ പ്രസ്ഥാനങ്ങളുടെ പേര് എടുത്ത് പറയാതെ പറഞ്ഞു .
ഗാന്ധിജിയും അംബേദ്കറുമൊന്നും രാജ്യം ഈ അവസ്ഥയിലൂടെ കടന്നുപോകുമെന്നു സങ്കല്പിച്ചിട്ടുണ്ടാവില്ല എന്നും സോണിയ പറഞ്ഞു .നിയമനിർമാണ സഭയാണ് ജനാധിപത്യത്തിന്റെ പ്രമുഖ നെടുംതൂൺ .പാര്ലമെന്റും നിയമസഭകളും ജനാധിപത്യ ശ്രീകോവിലുകൾ ആണ് .എന്നാൽ കെട്ടിടങ്ങൾ അല്ല ജനാധിപത്യത്തിന് ആവശ്യമെന്നും മഹത്തായ വിചാര വികാരങ്ങൾ ആണ് വേണ്ടത് എന്നും സോണിയ ചൂണ്ടിക്കാട്ടി .