വാക്‌സിന്‍ നിര്‍മാണത്തില്‍ കൈകോര്‍ത്ത് ഇന്ത്യയും യു.എസും; പ്രതീക്ഷയോടെ ലോകം

ലോകമെമ്പാടും കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും വാക്‌സിന്‍ നിര്‍മ്മാണത്തിന്റെയും വാക്‌സിന്‍ പരീക്ഷണത്തിന്റെയും പണിപ്പുരയിലാണ്.ആരാണ് ആദ്യം ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുക എന്ന മത്സരബുദ്ധിയും രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുമുണ്ട്. ഇപ്പോഴിതാ കോവിഡ് വാക്‌സിന്റെ നിര്‍മാണത്തിന് ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് യു.എസ്. യു.എസിലെ ബെയ്‌ലര്‍ കോളജ് ഓഫ് മെഡിസിനാണ് കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവുകുറഞ്ഞതുമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഇന്ത്യയോടൊപ്പം ചേരുന്നത്.

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡുമായാണ് ബിസിഎം ലൈസന്‍സിങ് കരാറില്‍ എത്തിയിരിക്കുന്നത്. ബെയ്ലര്‍ വികസിപ്പിച്ച റീകോമ്പിനന്റ് പ്രോട്ടീന്‍ വാക്സീന്റെ നിര്‍മാണത്തിനു വേണ്ടിയാണ് ബിഇയ്ക്കു ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

വാക്‌സിന്റെ പരീക്ഷണം ഇന്ത്യയില്‍ നടന്നുവരികയാണെന്നും അടുത്ത വര്‍ഷത്തോടെ വാക്‌സീന്‍ വിപണിയില്‍ എത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബിസിഎം അധികൃതര്‍ പറഞ്ഞു. വാക്സീന്‍ വിജയകരമായാല്‍ ലക്ഷക്കണക്കിനു വാക്‌സിനുകള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ നല്‍കാന്‍ കഴിയുമെന്നാണ് ബിഇ വിലയിരുത്തുന്നത്. ഇതോടെ ഒരുപരിധി വരെയെങ്കിലും കോവിഡില്‍ നിന്ന് മുക്തി നേടാനാകുമെന്ന് വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *