സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ കോൺഗ്രസ്സ് ഇനിയും 50 വർഷം പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ഗുലാം നബി ആസാദ് ,കോൺഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ള പതനത്തിൽ എന്ന് കപിൽ സിബലും ,കത്തെഴുതിയവർ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുമ്പോൾ
കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ വീണ്ടും മുതിർന്ന നേതാക്കൾ ആയ ഗുലാം നബി ആസാദും കപിൽ സിബലും രംഗത്ത് .ദൃശ്യവും ശക്തവുമായ നേതൃത്വം പാർട്ടിക്കുണ്ടാവണമെന്ന് സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് പരസ്യ പ്രതികരണത്തിന് ഇരു നേതാക്കളും തയ്യാറായിരിക്കുന്നത് .
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും പ്രവർത്തക സമിതിയിലേക്കും സംസ്ഥാന അധ്യക്ഷ പദവികളിലേക്കും സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ കോൺഗ്രസ്സ് ഇനിയും 50 വര്ഷം പ്രതിപക്ഷത്തിരിക്കുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാം നബി ആസാദ് പറഞ്ഞു .
“ദശാബ്ദങ്ങൾ ആയി സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ട് .ഒരു പത്ത് പതിനഞ്ചു കൊല്ലം മുൻപ് ഞങ്ങൾ ഇത് പറയണമായിരുന്നു .ഇപ്പോൾ തെരഞ്ഞെടുപ്പുകൾ ഒന്നൊന്നായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു .തിരിച്ചു വരണമെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തണം .”ഗുലാം നബി ആസാദ് പറഞ്ഞു .
“പാർട്ടിയെ 50 കൊല്ലം പ്രതിപക്ഷത്ത് ഇരുത്താനാണ് ഉദ്ദേശമെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തരുത് . സംഘടനാ തെരഞ്ഞെടുപ്പിനെ ഭയക്കുന്നവർ നോമിനേഷനിലൂടെ വന്നവർ ആണ് .”ആസാദ് വാർത്താ ഏജൻസിയോട് പറഞ്ഞു .
“ഞങ്ങളുടെ കത്തിനെ എതിർക്കുന്നവരോട് ഒരു കാര്യം പറയാം.തെരഞ്ഞെടുപ്പിൽ എവിടെയും എത്തില്ല .കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഞങ്ങളുടെ കത്തിനെ സ്വാഗതം ചെയ്യും .”ആസാദ് കൂട്ടിച്ചേർത്തു .
“നിങ്ങൾ സംഘടനാപരമായി മത്സരിച്ചു ജയിച്ചാൽ ഒരു കാര്യം വ്യക്തമാവും .ചുരുങ്ങിയത് പാർട്ടിയിൽ 51 ശതമാനമെങ്കിലും നിങ്ങളെ പിന്തുണക്കുന്നുണ്ടെന്ന് .ഇപ്പോൾ അധ്യക്ഷൻ ആവുന്നയാൾക്ക് അറിയില്ല പാർട്ടിയിലെ ഒരു ശതമാനത്തിന്റെ എങ്കിലും പിന്തുണ ഉണ്ടോയെന്ന് .ഒരിക്കൽ എത്തപ്പെട്ടാൽ പിന്നെ പ്രവർത്തക സമിതിയിൽ നിന്ന് മാറ്റില്ല.പിന്നെ ആർക്കാണ് എന്താണ് ആശങ്ക .”ഗുലാം നബി ആസാദ് പറഞ്ഞു .
24 മണിക്കൂറും പ്രവർത്തിക്കുന്ന നേതൃത്വം പാർട്ടിക്ക് വേണമെന്ന് മുതിർന്ന നേതാവ് കപിൽ സിബലും പറഞ്ഞു .”ആർക്കെങ്കിലും കത്ത് കാണാൻ കഴിഞ്ഞാൽ അവർക്ക് ഒരു കാര്യം മനസിലാവും .ആരെയും ചെറുതാക്കാൻ അല്ല ആ കത്ത് .ഗാന്ധി കുടുംബത്തെ ഒട്ടുമല്ല .നേതൃത്വം ഇതുവരെ ചെയ്ത നല്ല പ്രവർത്തികളെ ഞങ്ങൾ വാഴ്ത്തുകയാണ് ചെയ്തത് .”കപിൽ സിബൽ ഒരു അഭിമുഖത്തിൽ പറഞ്ഞു .
“ഞങ്ങളുടെ ഉദ്ദേശം പാർട്ടിയെ ഉണർത്തൽ ആണ് .അത് ചരിത്രപരമായ കടമ ആണ് .പാർട്ടി ഭരണഘടനയോടും പാർട്ടിയുടെ പാരമ്പര്യത്തോടും ഞങ്ങൾ എപ്പോഴും കടപ്പെട്ടിരിക്കുന്നു . ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഇല്ലാതാക്കിയ പാർട്ടി രാജ്യം ഭരിക്കുമ്പോൾ കോൺഗ്രസ് ശക്തിപ്പെടേണ്ടതുണ്ട് .”കപിൽ സിബൽ വ്യക്തമാക്കി .