തെളിവുകള്‍ നശിപ്പിക്കാൻ സാഹചര്യം ഒരുക്കിയത് വീഴ്ച:മുല്ലപ്പള്ളി
സ്വര്‍ണ്ണക്കടത്ത് സംബന്ധമായ സുപ്രധാനമായ പല തെളിവുകളും പൊതുഭരണ വകുപ്പില്‍ ഉണ്ടെന്ന് എന്‍.ഐ.എ മനസിലാക്കിയിട്ടും എത്രയും വേഗം അത് പിടിച്ചെടുക്കാന്‍ തയ്യാറാകാതെ അത് നശിപ്പിക്കാനും അഗ്നിക്ക് ഇരയാക്കാനും സാഹചര്യം ഒരുക്കിയത് ഗുരുതരമായ വീഴ്ചയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കാലവിളംബം മുതലെടുത്ത് തെളിവുകള്‍ ഓരോന്നായി നശിപ്പിച്ചു കളയാന്‍ സര്‍ക്കാരിന് അവസരം കിട്ടി. കേസുമായി ബന്ധപ്പെട്ട മുഖ്യപ്രതികളുടെ സാന്നിധ്യം മനസിലാക്കാനാണ് എന്‍.ഐ.എ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതല്ലൊം ഇടിമിന്നലില്‍ നശിച്ച് പോയെന്ന വിചിത്ര വാദമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടായിരിക്കുന്നു. ഏതെല്ലാം ഫയലുകളാണ് നഷ്ടമായതെന്ന് ആര്‍ക്കും അറിയില്ല.അന്താരാഷ്ട്ര മാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് തുടക്കം മുതല്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് മൂന്‍കൂട്ടി മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്തുകൊണ്ടാണ് ജാഗ്രതക്കുറവ് കാണിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു.
അഗ്നിബാധ ഉണ്ടായപ്പോള്‍ ഇടതുപക്ഷ ഉദ്യോഗസ്ഥ സംഘടനാ നേതാവായ അഡീഷണല്‍ സെക്രട്ടറി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്.പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് വിശദീകരണം നല്‍കേണ്ടത് ആ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറിയോ അല്ലെങ്കില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ ആണ്. കസ്റ്റംസ് ആവശ്യപ്പെട്ട സി.സി.സി ടിവി ദൃശ്യങ്ങള്‍ എല്ലാം നശിച്ചുപോയെന്ന് മറുപടി നല്‍കിയ ഉദ്യോഗസ്ഥനാണ് അഡീഷണല്‍ സെക്രട്ടറി.അടുത്തിടെ ഇദ്ദേഹത്തെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്‌തെന്നാണ് വാര്‍ത്ത. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടിരിക്കുന്നത് അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ ഈ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
തീപിടുത്തവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രതിഷേധം ഒട്ടും ആത്മാര്‍ത്ഥയില്ലാത്തതാണ്.ബി.ജെ.പി പ്രക്ഷോഭം നടത്തുന്നതിന് പകരം ഈ കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ബന്ധപ്പെടുകയാണ് വേണ്ടത്. എന്‍.ഐ.എയെ കേന്ദ്ര സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ട് തളച്ചിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു.ബി.ജെ.പിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണോ അന്വേഷണത്തിന്റെ മെല്ലപ്പോക്ക്?. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് മറ്റൊരു ലാവ്‌ലിനാക്കാനുള്ള ശ്രമം ഈ നാട് പൊറുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.