NEWS

നെഹ്‌റു  കുടുംബത്തിന്റെ വിശ്വസ്തന്റെ പതനം – ഗുലാം നബി ആസാദ് വളർച്ചയും തളർച്ചയും

കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് കത്തെഴുതിയവരിൽ പ്രമുഖൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് .നെഹ്‌റു -ഗാന്ധി കുടുംബത്തോട് ഏറ്റവും വിശ്വസ്തൻ എന്നറിയപ്പെടുന്ന നേതാവാണ് ഗുലാം നബി ആസാദ്.സഞ്ജയ് ഗാന്ധി കാലഘട്ടത്തിലാണ് ഗുലാം നബി ആസാദിന്റെ രാഷ്ട്രീയ പ്രവേശം .പിന്നീടങ്ങോട്ട് രാഷ്ട്രീയത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .കേന്ദ്രമന്ത്രിയായി  ,മുഖ്യമന്ത്രിയായി ,കോൺഗ്രസ്സ് മുതിർന്ന നേതാവായി .

2002 മാർച്ച് 27 നു സോണിയ ഗാന്ധി ആസാദിനോട് ജമ്മു കാശ്മീർ പാർട്ടി അധ്യക്ഷൻ ആകാൻ പറഞ്ഞു .ആ സമയത്ത് എ ഐ സി സി ജനറൽ സെക്രട്ടറി ആയിരുന്നു ആസാദ് .അത്ഭുതങ്ങൾ എന്നും കാണിച്ചിട്ടുള്ള ആസാദ് കാശ്മീരിലും അത്ഭുതം കാണിക്കുമെന്ന് സോണിയ കരുതിയിട്ടുണ്ടാകും .എന്തായാലും അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ ആസാദ് ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി .

രാജീവ് ഗാന്ധിക്കും ആസാദിനെ വിശ്വാസം ഉണ്ടായിരുന്നു . അർജുൻ സിങ്ങിൽ നിന്ന് പി വി നരസിംഹ റാവു ഒരു നേതൃ ഭീഷണി നേരിട്ടപ്പോൾ കൂട്ടിനു ആസാദുണ്ടായിരുന്നു .1998 ഫെബ്രുവരിയിലെ പൊതു തെരഞ്ഞെടുപ്പിന് പ്രചാരണം നടത്താമെന്നു 1997 ഡിസംബറിൽ  സോണിയ സമ്മതിക്കുമ്പോൾ, സീതാറാം കേസരി ആയിരുന്നു പാർട്ടി അധ്യക്ഷൻ .മുതിർന്ന നേതാക്കൾ ആയ അസ്‌ലം ഷേർഖാൻ ,മണിശങ്കർ അയ്യർ ,പി ആർ കുമാരമംഗലം ,സുരേഷ് കൽമാഡി ,ഭൂട്ടാ സിങ് തുടങ്ങിയവർ പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുന്ന കാലം ആയിരുന്നു അത് .

അന്ന് ആസാദിനെ പോലുള്ളവർ സോണിയ ഗാന്ധിയെ വിളിച്ച് അഭ്യർത്ഥിച്ചു .കണ്മുന്നിൽ സ്വന്തം പാർട്ടി തകരുന്നത് നോക്കി നിൽക്കാൻ ആവുന്നത് എങ്ങനെ എന്ന് ചോദിച്ചു .കോൺഗ്രസിനെ രാജീവ് ഗാന്ധിയുടെ സ്നേഹത്തിന്റെ ഭാഗമായാണ് സോണിയ കണ്ടിരുന്നത് .10 ജൻപഥിലെ ചുമരിൽ തൂക്കിയിരിക്കുന്ന രാജീവ് ഗാന്ധിയുടെ ഫോട്ടോ കാണുമ്പോൾ പാർട്ടിയെ രക്ഷിക്കാൻ ഒന്നും ചെയ്യാത്തതിൽ തനിക്ക് കുറ്റബോധം തോന്നിയിരുന്നു എന്ന് അന്ന് സോണിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നു .

സോണിയ രാഷ്ട്രീയത്തിലിറങ്ങി സീതാറാം കേസരി അപ്രസക്തനായി .7 ,പൂർണഖിലയിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങിയതേ ഇല്ല .വി ജോർജോ ഓസ്കർ ഫെർണാണ്ടസോ  ഫയലുകൾ ഒപ്പു വെക്കാൻ കൊണ്ടുവരുമ്പോൾ മാത്രമാണ് കേസരി പാർട്ടിക്കാരെ കണ്ടിരുന്നത് .ഈ സമയത്താണ് പാർട്ടി ഏറ്റെടുക്കാൻ നേതാക്കൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുന്നത് .ഇത്തവണയും മുന്നിൽ ആസാദുണ്ടായിരുന്നു .

ഇനി 1991 മെയ് 22 ലെ ഒരു കഥ പറയാം .രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് മണിക്കൂറുകൾ മാത്രം  കഴിഞ്ഞിരിക്കുന്നു .24 അക്ബർ റോഡിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നു .പിവി നരസിംഹ റാവു അധ്യക്ഷനായ യോഗത്തിൽ കെ കരുണാകരൻ അടക്കം എല്ലാവരും വലിയ ഗൗരവത്തിൽ ഇരിക്കുന്നു .ഒരു കസേര മാത്രം ഒഴിച്ചിട്ടിരിക്കുന്നു ,അത് പാർട്ടി പ്രസിഡന്റിനേതാണ് .അന്ന് പാർട്ടി അംഗത്വം പോലും ഇല്ലാത്ത രാജീവിന്റെ വിധവയെ കോൺഗ്രസ് പ്രസിഡണ്ട് ആക്കാൻ പ്രവർത്തക സമിതി തീരുമാനിക്കുന്നു .

വാർത്ത പ്രണബ് മുഖർജി മാധ്യമങ്ങളെ അറിയിക്കുന്നു .എങ്ങിനെയാണ് 1983 വരെ ഇന്ത്യൻ പൗര പോലും അല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷയാകുന്നത് എന്ന ചോദ്യം ഉയർന്നപ്പോൾ അവർ ഇന്ത്യൻ ഭാര്യയാണ് എന്നായിരുന്നു മുഖർജിയുടെ മറുപടി .

2019 ഓഗസ്റ്റ് 10 ,നേതൃ യോഗത്തിൽ രാഹുൽ ഗാന്ധി രാജി പ്രഖ്യാപിക്കുന്നു .രാഹുലിന് പകരം ആരെന്നോ എന്തെന്നോ പറയാതെ സോണിയ ഇരിക്കുന്നു .പങ്കെടുത്ത 150 ൽ 148 പേരും സോണിയ ഗാന്ധിയുടെ പേര് അംഗീകരിക്കുന്നു .അതിൽ ആദ്യത്തെ ശബ്ദം ഗുലാം നബി ആസാദിന്റേത് ആയിരുന്നു .ഒടുവിൽ പാർട്ടി തീരുമാനിക്കുന്നു സോണിയ ഇടക്കാല അധ്യക്ഷ .എല്ലാവരും കയ്യടിച്ചു പിരിയുന്നു .

2020 ഓഗസ്റ്റ് 24 ,കടുത്ത വിമർശനങ്ങൾക്കിടയിൽ രാജി സന്നദ്ധത അറിയിക്കുന്ന ആസാദ് .സോണിയയിൽ നിന്ന് സഗൗരവ മൗനം .കത്തയച്ചതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയിൽ നിന്ന് രൂക്ഷ വിമർശനം .തല കുമ്പിട്ടിരിക്കുന്ന ആസാദ് .കാരണം ആ കത്തിലെ ആദ്യപേരുകാരൻ ഗുലാം നബി ആസാദ് എന്ന രാജീവ് ഗാന്ധിയുടെ വിശ്വസ്തനാണ് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: