തമിഴ്‌നാട്ടിൽ ബിജെപിക്ക് കനത്ത തിരിച്ചടി ,എ ഐ എ ഡി എം കെ -ബിജെപി ബന്ധം ഉലയുന്നു
തമിഴ്‌നാട്ടിൽ എ ഐ എ ഡി എം കെ – ബിജെപി ബന്ധം തകർച്ചയിലേക്ക് .നേതാക്കൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുകയാണ് .
ദേശീയ സെക്രട്ടറി എച്ച് രാജയും പുതിയ സംസ്ഥാന അധ്യക്ഷൻ എൽ മുരുകനും ഇടപ്പാടി പളനിസാമി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത് .ഉദാഹരണത്തിന് വിനായക ചതുര്ഥിയുമായി ബന്ധപ്പെട്ട ആഘോഷത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസം നോക്കാം .കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം വീട്ടിൽ ആഘോഷിച്ചത് മതി എന്ന നിലപാട് ആണ് സർക്കാർ കൈക്കൊണ്ടത് .എന്നാൽ തങ്ങളെ ആഘോഷിക്കാൻ അനുവദിക്കണം എന്ന് ബിജെപി, സർക്കാരിനോട് ആവശ്യപ്പെട്ടു .ഈ ആവശ്യം ഉന്നയിച്ച് ബിജെപി പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടു .എന്നാൽ ഫലം ഉണ്ടായില്ല .
ഇതിനോട് ബിജെപി പ്രതികരിച്ചത് രൂക്ഷമായിട്ടാണ് .മദ്യശാലകൾ തുറക്കാമെങ്കിൽ വിനായക ചതുർഥി ആഘോഷിച്ചൂടെ എന്നാണ് സംസ്ഥാന പ്രസിഡണ്ട് എൽ മുരുഗൻ ചോദിച്ചത് .രണ്ടു കക്ഷികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഇത് ഒരു ഉദാഹരണം മാത്രം .രണ്ടു ഭാഷാ സമവാക്യങ്ങളിൽ മാറ്റമുണ്ടാവില്ലെന്നു തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു .പുതിയ വിദ്യാഭ്യാസ നയം വന്നാലും നിലവിലെ ഭാഷ നയം തുടരുമെന്നും എ ഐ എ ഡി എം കെ പ്രഖ്യാപിച്ചു കഴിഞ്ഞു .സംവരണം സംബന്ധിച്ച നയങ്ങളിലും രണ്ടു പാർട്ടികളും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസം രൂപപ്പെട്ടു കഴിഞ്ഞു .
തെരുവിലെ വിഴുപ്പലക്കലിലേക്ക് നീണ്ടില്ലെങ്കിലും തമിഴ്‌നാട്ടിൽ തങ്ങളുടെ ആഗ്രഹം ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു .തമിഴ്‌നാട്ടിൽ എൻ ഡി എ യെ നയിക്കുക ദേശീയ പാർട്ടി ആയിരിക്കുമെന്ന് ബിജെപി വൈസ് പ്രസിഡണ്ട് ദുരൈ സാമി പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ .വ്യക്തമാക്കി 2019 ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ എൻ ഡി എ യെ നയിച്ചത് എ ഐ എ ഡി എം കെ ആയിരുന്നു .എന്നാൽ 2021 ലെ തെരഞ്ഞെടുപ്പിൽ നേരെ തിരിച്ചാവും സംഭവിക്കുക എന്ന് ദുരൈ സാമി ഒരു അഭിമുഖത്തിൽ .പറഞ്ഞു .
തമിഴ്‌നാട്ടിൽ എ ഐ എ ഡി എം കെ -ബിജെപി ബന്ധം സമീപ ഭാവിയിൽ തകരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു .പാര്ലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപി ബന്ധം മൂലം ആണെന്നാണ് എ ഐ എ ഡി എം കെയുടെ വിലയിരുത്തൽ .മാത്രമല്ല ,എ ഐ എ ഡി എം കെയുടെ മേൽ ബിജെപി ആധിപത്യം ചെലുത്താൻ ശ്രമിക്കുന്നത് അണികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് .വിദ്യാഭ്യാസ നയം ,പരിസ്ഥിതി നയം എന്നീ കാര്യങ്ങളിലും ഇരുപാർട്ടികളും രണ്ടു തട്ടിലാണ് .
ഒറ്റക്ക് മത്സരിച്ച് ജയിക്കാൻ തമിഴ്‌നാട്ടിൽ ബിജെപിക്ക് കഴിയില്ല .അടുത്ത തെരഞ്ഞെടുപ്പിൽ ഒരു മഹാ സഖ്യം ആണ് ബിജെപി ലക്ഷ്യമിടുന്നത് .എന്നാൽ അതിനോട് ചേർന്ന് നില്ക്കാൻ തമിഴ്‌നാട്ടിലെ പ്രധാന പാർട്ടി എന്ന നിലയിൽ എ ഐ എ ഡി എം കെയ്ക്ക് താല്പര്യം ഇല്ല.
ഇരു പാർട്ടികളുടെയും സൈബർ പോരാളികൾ പരസ്പരം ആക്രമണം തുടങ്ങിക്കഴിഞ്ഞു .ഇനി ബിജെപി കേന്ദ്ര നേതൃത്വം ആണ് തീരുമാനം എടുക്കേണ്ടത് .ഒപ്പം തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ ഉണ്ടാവുന്ന ജാതി സമവാക്യങ്ങളും വിലയിരുത്തണം .