തിരുവനന്തപുരം വിമാനത്താവളം ധാരണയിലൂടെ സംസ്ഥാനത്തിനു നല്കണം: ഉമ്മന്‍ ചാണ്ടി
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറേണ്ടതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സാധാരണഗതിയില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കര്‍ സ്ഥലവുമുണ്ട്. 2017-18ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ലഭിച്ചത് 136 കോടി രൂപയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ വില്ക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്.
പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമായ കൊച്ചി വിമാനത്താവളം, അതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ വിജയകരമായി നടത്തുന്ന അനുഭവസമ്പത്ത് കേരളത്തിനുണ്ട്. കൊച്ചി വിമാനത്താവളം രാജ്യത്തിനു തന്നെ മാതൃകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളില്‍ പങ്കെടുത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച. അദാനി ഗ്രൂപ്പിനേക്കാള്‍ ചെറിയ തുക ക്വോട്ട് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പുറത്തായി. അദാനിഗ്രൂപ്പ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ഒരു യാത്രക്കാരന് 168 രൂപ വച്ച് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി 135 രൂപ മാത്രമാണ് ക്വോട്ട് ചെയ്തത്. ലേലത്തില്‍ പങ്കെടുത്ത് പുറത്തായതുമൂലം തുടര്‍ന്നുള്ള നിയമപോരാട്ടത്തില്‍ സര്‍ക്കാരിന്റെ നില ദുര്‍ബലമായെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടെയുള്ള ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നീ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളും വിലക്കുകയാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവത്കരണ നടപടികള്‍ അന്തിമഘട്ടത്തിലെത്തി. അതിന്റെ മരണമണിയാണു മുഴങ്ങുന്നത്. നിലവില്‍ വളരെ ചെറിയ നിരക്കിലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അസംസ്‌കൃത വസ്തുവായ യൂക്കാലിപ്റ്റ്‌സ് നല്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ അതു നിലയ്ക്കും. തുടര്‍ന്ന് ഫാക്ടറി നടത്താന്‍ ആര്‍്ക്കും സാധിക്കില്ല. ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നവരുടെ കണ്ണ് അവിടെയുള്ള 700 ഏക്കര്‍ കണ്ണായ സ്ഥലത്തിലാണ്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ വില്‍ക്കാന്‍ എക്‌സ്പ്രഷന്‍ ഒാഫ് ഇന്ററസ്റ്റ് വിളിച്ചുകഴിഞ്ഞു. ലോക്ഡൗണ്‍മൂലം ഇതിന്റെ സമയപരിധി സെപ്റ്റംബറിലേക്ക് നീട്ടിയിട്ടുണ്ട്. 9 ലക്ഷം കോടി രൂപ വിലമതിപ്പുള്ള ബിപിസിഎല്‍ സ്ഥാപനങ്ങള്‍ വില്ക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന ഷെയര്‍ വാല്യൂ 90,000 കോടി രൂപ മാത്രമാണ്. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ റിഫൈനറിയില്‍ സംസ്ഥാന സര്‍ക്കാരിനു ഷെയര്‍ ഉണ്ട്. സ്ഥലമെടുപ്പു മുതല്‍ എല്ലാ വികസന പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായിട്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതിനെയും അതിശക്തമായി കേരളം എതിര്‍ക്കേണ്ടതാണ്.
കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്താണ്. അതു വിറ്റു തുലയ്ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.