രാജസ്ഥാൻ കോൺഗ്രസിൽ പുതിയ പ്രതിസന്ധി ,ഗെഹ്‌ലോട്ട് അയഞ്ഞിട്ടും വിമതർക്കെതിരെ പാർട്ടി എംഎൽഎമാർ
രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് വിഭാഗം ഒത്തുതീർപ്പിനൊരുങ്ങുമ്പോൾ അശോക് ഗെഹ്ലോട്ടിനു ഒപ്പം നിന്ന എംഎൽഎമാർ ഇടയുന്നു .പാർട്ടിയെ ഒറ്റിയ പത്തൊമ്പത് എംഎൽഎമാരെയും തിരിച്ചെടുക്കരുതെന്ന് ഗെഹ്ലോട്ടിനൊപ്പം നിന്ന എംഎൽഎമാർ ആവശ്യപ്പെട്ടു .അശോക് ഗെഹ്‌ലോട്ട് ഒത്തുതീർപ്പിനു അനുകൂലമായി ചിന്തിക്കുമ്പോഴാണ് എംഎൽഎമാർ ഇടയുന്നത് .
ജയ്സാൽമീറിൽ ചേർന്ന പാർട്ടി നിയമസഭാ കക്ഷി യോഗത്തിലാണ് കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങളെ ഞെട്ടിക്കുന്ന നിലപാട് എംഎൽഎമാർ കൈക്കൊണ്ടത് .പാർട്ടിയെ ഒറ്റിയവരെ തിരിച്ചെടുക്കരുതെന്ന മന്ത്രി ശാന്തി ധരിവാളിന്റെ നിലപാടിനെ എംഎൽഎമാർ ഒറ്റക്കെട്ടായി പിന്തുണച്ചു .ജനാധിപത്യം സംരക്ഷിക്കാൻ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നായിരുന്നു ഗെഹ്‌ലോട്ട് എംഎൽഎമാരോട് പ്രതികരിച്ചത് .
വിമത എംഎൽഎമാരിൽ ഭൂരിപക്ഷവും തിരിച്ചു വരുമെന്ന് അശോക് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു .സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ പേരിൽ വിമത എംഎൽഎമാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പാര്ലമെന്ററി പാർട്ടി പ്രമേയം പാസാക്കിയിരുന്നു .വിശ്വാസ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചാൽ അയോഗ്യരാക്കപ്പെട്ടേക്കും എന്ന ഭയം വിമത എംഎൽഎമാർക്കുണ്ട് എന്നാണ് കോൺഗ്രസ്സ് കരുതുന്നത് .
രാജസ്ഥാനിൽ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി അയയുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .സച്ചിൻ പൈലറ്റ് വിഭാഗം പാർട്ടിയിലേക്ക് തിരിച്ചെത്താൻ സമ്മതം മൂളി എന്നാണ് വിവരം .സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം തേടിയെന്നും രാഹുലിന്റെ ഓഫീസ് അനുവാദം ഇതുവരെ നൽകിയില്ലെന്നും റിപ്പോർട്ടുണ്ട് .
സച്ചിൻ പൈലറ്റും കൂടെയുള്ള എംഎൽഎമാരും വിവിധ കോൺഗ്രസ്സ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട് .പ്രിയങ്കാ ഗാന്ധിയും സച്ചിൻ പൈലറ്റും രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ട് ഉണ്ട് .അതേസമയം ഗെഹ്‌ലോട്ട് രാജിവെക്കണം എന്ന ആവശ്യം വിമത എംഎൽഎമാർ ആവർത്തിക്കുന്നുമുണ്ട് .നിയമസഭാ സമ്മേളനത്തിന് ഇനി നാല് ദിവസമാണ് ഉള്ളത് .സഭ ചേർന്നാൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സർക്കാർ തയ്യാറായേക്കും എന്നും റിപ്പോർട്ട് ഉണ്ട് .