LIFE

കുറുപ്പിന് പണിയുമായി ചാക്കോയുടെ ഭാര്യയും മകനും

കേരളത്തെ ഞെട്ടിച്ച ചാക്കോ വധവും, പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതവും പ്രമേയമാക്കി മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിനെതിരെ നിയമപരമായ നടപടികളുമായി ചാക്കോയുടെ ഭാര്യയും മകനും രംഗത്തെത്തി. കുറുപ്പ് ചിത്രത്തിന്റെ ആദ്യ കോപ്പി തങ്ങള്‍ക്ക് കാണണമെന്നാണ് ചാക്കോയുടെ ഭാര്യയുടെയും മകന്റെയും ആവശ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോയില്‍ കുറുപ്പ് എന്ന് കഥാപാത്രത്തെ പുകഴ്ത്തും വിധമുള്ള സംഭാഷണമാണ് ഉണ്ടായിരുന്നത്. ഒരു കൊലക്കേസിലെ പ്രതിയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് ചാക്കോയുടെ ബന്ധക്കളുടെ വാദം. ചിത്രത്തില്‍ സുകുമാരക്കുറുപ്പിനെ മഹത്വല്‍ക്കരിക്കുകയോ, ചാക്കോയെ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ചാക്കോയുടെ ബന്ധുക്കള്‍ പറയുന്നു.

1984 ജനുവരി 22 നാണ് പാടത്തേക്ക് മറിഞ്ഞ കാര്‍ കത്തി നശിച്ച് സുകുമാരക്കുറുപ്പ് മരണപ്പെട്ട വാര്‍ത്ത ആദ്യമായി ലോകമറിയുന്നത്. അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി ഹരിദാസിന്റെയും ഫോറന്‍സിക് സര്‍ജന്‍ ഡോ.ബി ഉമാദത്തന്റെയും കൃത്യമായ നീക്കത്തിലൂടെ മരണപ്പെട്ടത് സുകുമാരക്കുറുപ്പല്ല എന്ന് പുറം ലോകം തിരിച്ചറിഞ്ഞു. പിന്നീട് കേരളത്തെ ഞെട്ടിച്ച സംഭവങ്ങളാണ് ആ കേസില്‍ അരങ്ങേറിയത്. ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി തന്റെ രൂപസാദൃശ്യമുള്ള ചാക്കോയെന്ന വ്യക്തിയെ കാറിലിട്ട് കൊലപ്പെടുത്തിയ സുകുമാരക്കുറിപ്പിന്റെ കുബുദ്ധി ഏറെ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. കേസില്‍ ബന്ധപ്പെട്ട മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചെങ്കിലും സുകുമാരക്കുറുപ്പ് അതിവിദഗ്ദമായി രക്ഷപ്പെട്ടു. അയാള്‍ക്ക് വേണ്ടി ലോകം മുഴുവന്‍ അന്വേഷണം നടത്തിയെങ്കിലും എവിടെ നിന്നും കുറുപ്പിനെ കണ്ടെത്താന്‍ നിയമപാലകര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ കോടതി കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

Signature-ad

സുകുമാരക്കുറുപ്പിന്റെ കഥയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമേയം. അതീവ രഹസ്യമായാണ് ചിത്രീകരണം നടത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സുകുമാരക്കുറുപ്പിനെ വിശുദ്ധ പുണ്യാളനാക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

Back to top button
error: