NEWS

വിദ്യാർത്ഥികളെ ആകർഷിക്കാൻ മാധ്യമങ്ങൾക്ക് കൈ നിറയെ പരസ്യം, എന്നിട്ടും പിടിച്ചു നിൽക്കാൻ ആകാതെ ജെയിൻ യൂണിവേഴ്സിറ്റി, കൊച്ചി ക്യാമ്പസിനു അംഗീകാരം ഇല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ലക്ഷങ്ങളുടെ പരസ്യം നൽകി വിദ്യാർത്ഥികളെ പിടിക്കാൻ ഇറങ്ങിയ ജെയിൻ യൂണിവേഴ്സിറ്റിക്ക്‌ തിരിച്ചടി. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ ക്യാമ്പസിനു യു ജി സി അംഗീകാരം ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാൻ ഉള്ള അനുവാദവും അംഗീകാരവും യു ജി സി നൽകിയിട്ടില്ലെന്ന് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചു. കൊച്ചി ക്യാമ്പസിലെ കോഴ്‌സുകൾക്കും വിലക്കുണ്ട്. യൂണിവേഴ്സിറ്റിയുടെ ക്രമവിരുദ്ധമായി പ്രവർത്തനത്തിന് എതിരെ നടപടി വേണമെന്ന് സർക്കാർ യുജിസിയോട് ആവശ്യപ്പെട്ടതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അതേസമയം യൂണിവേഴ്സിറ്റിയുടെ പരസ്യങ്ങൾ ഇപ്പോഴും മാധ്യമങ്ങളിൽ വരുന്നുണ്ട്. മിക്ക പത്രങ്ങളിലും ഒന്നാം പേജിൽ തന്നെയാണ് പരസ്യം. ലക്ഷങ്ങൾ വാരി എറിയുന്നു എന്നർത്ഥം.

എന്നാൽ ജെയിൻ യൂണിവേഴ്സിറ്റിക്ക്‌ കേരളത്തിൽ ഓഫ്‌ ക്യാമ്പസ്‌ സെന്ററുകൾ തുടങ്ങാൻ യുജിസി അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പരസ്യം നൽകുന്ന മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമില്ല. യുജിസി അധികൃതർ ഒരു തവണ ഇവിടെ സന്ദർശിച്ചു എന്നാണ് അറിവ്. അംഗീകാരം ഇല്ലാത്ത കോഴ്‌സുകൾക്ക് ചേർന്നാൽ വിദ്യാർത്ഥികൾ കുരുങ്ങാൻ ആണ് സാധ്യത. അതുകൊണ്ടാണ് പരാതികൾക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി യൂജിസിക്ക് കത്തയച്ചത്. ഈ കത്തിനാണ് ഇപ്പോൾ യൂജിസിയിൽ നിന്ന് മറുപടി ലഭിച്ചിരിക്കുന്നത്.

കേരള സർക്കാർ ചോദിച്ചപ്പോഴാണ് ജെയിനിന്റെ കൊച്ചി ഓഫീസ് അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് യുജിസി അറിയിച്ചത്. ഡീംഡ് യൂണിവേഴ്സിറ്റികളുടെ ഓഫ്‌ കാംപസ് സെന്ററുകൾക്ക് സാധാരണ നിലയിൽ യുജിസി അനുമതി നൽകാറില്ല . അങ്ങനെയിരിക്കെയാണ് വലിയ പരസ്യങ്ങൾ മലയാള മാധ്യമങ്ങളിൽ നൽകി ജെയിൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

Back to top button
error: