NEWS

കോൺഗ്രസിനോട് രാഹുൽ ഗാന്ധി ചെയ്യേണ്ടത് എന്താണ്?

കൊഴിഞ്ഞു പോക്കും അധികാര നഷ്ടവും നേരിട്ടു കൊണ്ടിരിക്കുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കാണ് കഴിയുക? അതിൽ തല്ക്കാലം ഒരു ഉത്തരമേ ഉള്ളൂ സാക്ഷാൽ രാജീവ് ഗാന്ധിയുടെ പുത്രൻ രാഹുൽ ഗാന്ധിക്ക്. ഇതിനു വ്യക്തമായ കാരണമുണ്ട്. സോണിയയിൽ നിന്ന് രാഹുൽ അധ്യക്ഷ പദവി ഏറ്റുവാങ്ങുമ്പോൾ കോൺഗ്രസ്‌ സംഘടനാപരമായും രാഷ്ട്രീയമായും ഏറെ തളർന്നിരുന്നു. എന്നിരുന്നാലും കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രം സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിറപ്പിക്കാൻ രാഹുലിനായി. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി പ്രഭാവത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനം വേണ്ടെന്നു വച്ച രാഹുൽ ഗാന്ധി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഒരു കാര്യം ചൂണ്ടിക്കാണിക്കുക ഉണ്ടായി. അത് മറ്റൊന്നുമല്ല, കോൺഗ്രസിലെ തലമുറകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ കുറിച്ചാണ്. അദ്ദേഹത്തിന്റെ സന്ദേഹത്തെ ശരിവെക്കുന്ന സംഭവ വികാസങ്ങൾ ആണ് പിന്നീട് കർണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പ്രത്യാഘാതത്തിൽ നിന്ന് കോൺഗ്രസ്‌ ഉണർന്നെണീക്കേണ്ട ഘട്ടം എത്തിയിരിക്കുന്നു. കാരണം പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ഓഗസ്റ്റ് 10 വരെയാണ് കോൺഗ്രസ്‌ താൽക്കാലിക അധ്യക്ഷ എന്ന നിലയിലുള്ള സോണിയ ഗാന്ധിയുടെ കാലാവധി. ഇത് കഴിഞ്ഞാൽ കോൺഗ്രസിന് ഒരു അധ്യക്ഷനെ വേണം. സോണിയ ഗാന്ധി ക്ഷീണിതയാണ്. പാർട്ടിയെ നയിക്കാൻ ഊർജസ്വലനായി ഒരാൾ വേണം. രാഷ്ട്രീയ പാരമ്പര്യം ഉണ്ടെങ്കിലും പ്രവർത്തന പരിചയം ഏറെയില്ല പ്രിയങ്കാ ഗാന്ധിക്ക്. രാഹുൽ ഗാന്ധിക്കാകട്ടെ ജയിച്ചും തോറ്റും പരിചയമുണ്ട് താനും.

എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയ വൈരികളായ ബിജെപിയോടും അവർ ഉൾക്കൊള്ളുന്ന സംഘ പരിവാർ ആശയങ്ങളോടും ഒട്ടും വിട്ടുവീഴ്ച കാണിക്കാത്ത ആളാണ്‌ രാഹുൽ ഗാന്ധി. ആർ എസ് എസിനെ ഇങ്ങിനെ വിമർശിക്കാൻ സമീപ കാലത്ത് ഒരു നേതാവും ധൈര്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഭരണ കക്ഷിയോട് രാഷ്ട്രീയം പറയാൻ കോൺഗ്രസിൽ രാഹുലിനെ കഴിഞ്ഞ് മറ്റൊരാളില്ല തന്നെ.

പറഞ്ഞു വരുന്നത് ജനാധിപത്യത്തിൽ ഒരു പ്രതിപക്ഷ രാഷ്ട്രീയ ശക്തി നിലനിൽക്കേണ്ടതിനെ കുറിച്ചാണ്. ഇന്ത്യയിൽ ആകമാനം വേരുകൾ ഉള്ള പാർട്ടിയാണ് കോൺഗ്രസ്‌. ഏകകക്ഷി ഭരണത്തിലേക്ക് രാഷ്ട്രം പോയതിന്റെ കയ്പുനീർ കുടിച്ചവരാണ് ഇന്ത്യക്കാർ. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഒരു ശക്തമായ പ്രതിപക്ഷ കക്ഷി വേണം. രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസ്‌ അധ്യക്ഷൻ അല്ല. എന്നാൽ കോൺഗ്രസിൽ ഏറ്റവും അധികാരം ഉള്ള നേതാവ് ആണ് താനും. ഉത്തരവാദിത്വം ഇല്ലാത്ത അധികാരം രാഹുലിനെ എവിടെയും കൊണ്ടു ചെന്നെത്തിക്കില്ല. അതുകൊണ്ട് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കണം. ജനങ്ങളുടെ വിശ്വാസം നേടണം.

രാഹുൽ ഗാന്ധിക്കും പറയാൻ ഒരു കഥ വേണം. മോഡിക്ക് ഒരു കഥ പറയാൻ ഉണ്ടായിരുന്നു. അത് വാടാനഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ നിന്ന് ലോക് കല്യാൺ മാർഗിലേക്കുള്ള യാത്രയുടെ കഥയാണ്. രാഹുൽ ഗാന്ധി ഇപ്പോൾ സോഷ്യൽ മീഡിയ യുദ്ധം നടത്തുകയാണ്. എന്നിട്ടും അദ്ദേഹത്തെ കേൾക്കാൻ ആളുണ്ട്. ചൈനീസ് പ്രശ്‌നത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത് അതിന്റെ പേരിൽ തന്റെ കരിയർ ഇല്ലാതായാൽ പോലും പ്രശ്‌നമില്ലെന്ന് രാഹുൽ പറയുന്നു. ഏതാണ് രാഹുലിന്റെ ആ രാഷ്ട്രീയ കരിയർ? വയനാട് എംപി സ്ഥാനം?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തന്ത്രങ്ങൾ പാളിപ്പോയി. ബിജെപിയേക്കാൾ ഹിന്ദുത്വ മുഖം കൈവരിക്കാൻ കോൺഗ്രസ്‌ കാണിച്ച തന്ത്രങ്ങൾ ആ പാർട്ടിയെ പാരമ്പര്യത്തിൽ നിന്ന് അകറ്റി. ഇന്ത്യയിൽ മതേതരത്വം ഇന്നും ആഴത്തിൽ വേരൂന്നിയ ഒന്നാണെന്ന് കോൺഗ്രസ്‌ മനസിലാക്കണം. ലോകം ഇന്ന് വലിയ മഹാവ്യാധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്, ഇന്ത്യയും. ഇന്ത്യയിലും കാര്യങ്ങൾ അത്ര മെച്ചമല്ല. അതിനു കാരണമായി വിമർശിക്കപ്പെടേണ്ടവർ ഭരിക്കുന്നവരാണ്. മഹാവ്യാധിക്കാലത്ത് രാഷ്ട്രീയം കളിക്കുന്നത് നല്ല കാര്യം അല്ല. എന്നാൽ എല്ലാത്തിനും ഏറാൻ മൂളുന്നതും ജനാധിപത്യത്തിന് നല്ലതല്ല. പൊടുന്നനെയുള്ള ലോക്ക്ഡൗൺ കാരണം ദശലക്ഷക്കണക്കിനു ആളുകളാണ് തെരുവിലായത്. ഇവിടെ ജനങ്ങളുടെ പ്രശ്‌നത്തിൽ കോൺഗ്രസ്‌ ഇടപെടണമായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അടക്കം ട്വിറ്ററിൽ ഒതുങ്ങി. പ്രിയങ്ക രാജസ്ഥാൻ സർക്കാരിനോട് ഡൽഹി അതിർത്തിയിലേക്ക് ബസ് അയക്കാനും തെരുവിലായവരെ വീട്ടിലെത്തിക്കാനും പറഞ്ഞു. പക്ഷെ ലോദി എസ്റ്റേറ്റ് ബംഗ്ളാവിൽ നിന്ന് പുറത്തിറങ്ങിയില്ല. രാഹുലാകട്ടെ ഇതികർത്തവ്യതാ മൂഢനായി നിന്നു.

രാഹുൽ ഗാന്ധിയിൽ ഒരു തീജ്വാല ഉണ്ട്. എന്നാൽ ആ തീജ്വാലയെ ഊതിപ്പടർത്താൻ കോൺഗ്രസിനാവുന്നില്ല. തിരിച്ച് കോൺഗ്രസിലെ തീജ്വാലയെ ജ്വലിപ്പിക്കാൻ ഇപ്പോൾ രാഹുലിനും. അതിനു കാരണം അധികാരം ഏറ്റെടുക്കാതെ രാഹുൽ മാറി നിൽക്കുന്നതാണ്. രാഷ്ട്രീയം എപ്പോഴും ബദൽ തേടിക്കൊണ്ടിരിക്കും. ഒരിക്കലും തോൽക്കില്ലെന്നു ഇന്ദിരയും ഇന്ത്യയും വിചാരിക്കുമ്പോഴാണ് ജയപ്രകാശ് നാരായണന്റെ ഉയിർത്തെഴുന്നേൽപ്പ്. മോദി 2002ൽ ഒരു മുതിർന്ന മാധ്യമ പ്രവർത്തകനോട് പറഞ്ഞത്‌ ശരിയാണ്. ജനാധിപത്യത്തിൽ ഏകകക്ഷി രാഷ്ട്രീയമല്ല പഥ്യം. മഹാമേരു പോലെ വളർന്ന ബിജെപിയെ വിമർശിക്കാൻ ശക്തിയുള്ള രാഷ്ട്രീയ പ്രതിപക്ഷം വേണം. സമകാലിക ഇന്ത്യൻ യാഥാർഥ്യത്തിൽ അതിനുള്ള ശക്തി കോൺഗ്രസിനാണ് ഉള്ളത്. അത് കോൺഗ്രസ്‌ തിരിച്ചറിയണം. രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: