NEWS

സിപിഐഎം :കേരളം ബംഗാൾ ആകുമോ?

https://youtu.be/Fa8CISwthGE

നിപ, പ്രളയം, ഓഖി, ഇപ്പോഴിതാ കോവിഡും. പിണറായി വിജയൻ സർക്കാരിനെ പരീക്ഷിച്ചത് അക്ഷരാർത്ഥത്തിൽ പ്രതിപക്ഷമല്ല എന്ന് പറയേണ്ടി വരും. ദുരന്തങ്ങൾ എന്നാൽ പതിവിനു വിരുദ്ധമായി സർക്കാരിനു മാറ്റ് കൂട്ടുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ‘ക്യാപ്റ്റൻ’ എന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ‘ടീച്ചറമ്മ’ എന്നും വിളിക്കപ്പെട്ടു. അപകടം തിരിച്ചറിഞ്ഞ പ്രതിപക്ഷം ആരോപണ ശരങ്ങൾ എയ്തു. എന്നാൽ മിക്കതും ലക്ഷ്യത്തിൽ കൊള്ളാതെ പോയി. മഹാമാരിക്കാലത്തെ പരസ്യ സമരങ്ങൾ പ്രതിപക്ഷത്തിന്റെ ലക്ഷ്യത്തെ കുറിച്ച് സംശയം ഉണർത്തുകയും ചെയ്തു.

ഇങ്ങിനെ സർക്കാർ ഉയർന്ന പ്രതിച്ഛായയിൽ പോകുകയും ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീതി നിലനിൽക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് വീണു കിട്ടിയ പോലെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതിപക്ഷത്തിന് തുണയായി വരുന്നത്. മുമ്പുള്ള വിവാദങ്ങൾ പോലെയല്ല ഇത്. ബന്ധു നിയമന വിവാദം ഉണ്ടായപ്പോൾ മന്ത്രിയെ തന്നെ രാജിവെപ്പിക്കാൻ ആയെങ്കിൽ സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണനിഴലിൽ ആയത് മുഖ്യമന്ത്രിയുടെ തന്നെ ഓഫിസാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയ ഐ എ എസുകാരൻ എം ശിവശങ്കരൻ സസ്പെൻഷനിലുമായി. എൻ ഐ എ യും കസ്റ്റംസും അന്വേഷണം തുടരുകയുമാണ്.

പിണറായി സർക്കാർ നാലു കൊല്ലത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ഈ പ്രതിസന്ധിയെ പലരും ബംഗാളിലെ പാർട്ടിക്കുണ്ടായ ആഘാതവുമായി താരതമ്യം ചെയ്യുന്നു. ബംഗാളിലേതു പോലെ കേരളത്തിലും സിപിഐഎം തകരും എന്ന് പ്രവചിക്കുന്നു. ഈ പശ്ചാത്തലത്തിൽ ആണ് ബംഗാൾ പാർട്ടിയും കേരള പാർട്ടിയും ഒന്നാണോ എന്ന ചോദ്യം ഉയരുന്നത്.

ഫ്യുഡൽ വേരുകൾ ഉള്ള ഹിന്ദു അപ്പർ മിഡിൽ ക്ലാസ് ആണ് ബംഗാളിൽ സിപിഐഎമ്മിനെ നിയന്ത്രിക്കുന്നത് എന്ന യാഥാർഥ്യം ചൂണ്ടിക്കാട്ടിയത് ജ്യോതിബസുവിനു കീഴിൽ രണ്ട് തവണ ധനമന്ത്രി ആയ അശോക് മിത്ര ആണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോഴും നിത്യ ജീവിതത്തിൽ ഫ്യുഡൽ മനോഭാവം ബംഗാൾ നേതാക്കൾക്ക് ഉണ്ടത്രേ. അധികാരം ഇവരിൽ കേന്ദ്രീകരിച്ചതോടെ പാർട്ടി സാധാരണക്കാരിൽ നിന്ന് അകലുകയും 34 വർഷം നീണ്ടുനിന്ന ഇടതുഭരണം 2011 ൽ മമതാ ബാനർജിക്ക് വഴി മാറുകയും ചെയ്തു.

കേരളം എന്തു കൊണ്ട് ബംഗാൾ ആകില്ല എന്നത് അശോക് മിത്രയുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം. കേരളത്തിൽ അധികാര കേന്ദ്രീകരണം ഒരു പാർട്ടിയിൽ ഒതുങ്ങിയില്ല എന്നത് ശ്രദ്ധേയമാണ്. 1969ലും 1970ലും സി അച്യുതമേനോൻ മുഖ്യമന്ത്രി ആയതൊഴിച്ചാൽ തുടർച്ചയായി ഒരു പാർട്ടിയോ മുന്നണിയോ കേരളം ഭരിച്ചിട്ടില്ല. ഈക്കാലമാകട്ടെ കേരളത്തിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും ഏറെ സവിശേഷത ഉള്ളതായിരുന്നു.

സർക്കാരുകളെ മാറി മാറി വരിക്കുന്ന ശീലം കേരളത്തിന്റെ വികസനക്കുതിപ്പിനെ പ്രതികൂലമായി ബാധിച്ചെങ്കിലും സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തെ ഇത് അനുകൂലമായാണ് സ്വാധീനിച്ചത്. എൽ ഡി എഫും യു ഡി എഫും ഒരു പരിധി വരെ മാധ്യമങ്ങളും ഈ നിലക്ക് കാരണക്കാരായി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അഴിമതി കുറയുവാനും ഇത് കാരണമായി. ഉൾപാർട്ടി ജനാധിപത്യം കോൺഗ്രസിനു പോലും ഏറ്റവുമധികം കാണാൻ പറ്റുന്നത് കേരളത്തിൽ ആണ്.

കേരളത്തിൽ വിവിധ പാർട്ടികളുടെ തലപ്പത്ത് പിന്നാക്ക ജാതികളിൽ നിന്നുള്ളവരും ഹിന്ദു ഇതര മതസ്ഥരും ഉണ്ടെന്നത് കാണാതെ പോകരുത്. മുഖ്യധാരയിൽ എണ്ണത്തിൽ കുറവാണെങ്കിലും ഇവരുടെ സാന്നിധ്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. വിദ്യാഭ്യാസ -ആരോഗ്യ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെയും കാണാതെ പോകരുത്. കേരളത്തിന്റെ പൊതു ആരോഗ്യ മേഖലയുടെ നേട്ടങ്ങൾ ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. ഗൾഫിലേക്കും പാശ്ചാത്യ നാടുകളിലേക്കും ജോലി തേടി പോയവർ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായി. ഇടതു വലതു സർക്കാരുകൾ പ്രത്യക്ഷത്തിൽ എതിർപക്ഷത്താണെങ്കിലും നയങ്ങളിൽ ഒരു അന്തർധാര ഉണ്ടെന്നത് വസ്തുതയാണ്.

ഈ സാഹചര്യത്തിൽ വേണം കേരളത്തിലെ സിപിഎമ്മിനേയും കാണാൻ. പിളർപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ രീതിയിൽ അണികൾ ചോരുന്ന പ്രവണത കേരള സിപിഐഎമ്മിൽ ഇല്ല. വിവിധ വർഗ സംഘടനകളുമായി ബന്ധപ്പെട്ടും കുടുംബശ്രീയും ഗ്രന്ഥശാല സംഘവും ശാസ്ത്ര സാഹിത്യ പരിഷത്തുമെല്ലാം ബന്ധപ്പെട്ടും അണികളെ ഉറപ്പിച്ചു നിർത്താൻ സിപിഐഎമ്മിനെ സഹായിക്കുന്നുണ്ട്. വർഗ ബഹുജന സംഘടനകളും സഹകരണ സ്ഥാപനങ്ങളും സിപിഎമ്മിനെ അണികളുമായി ഉറപ്പിച്ചു നിർത്തുന്നു. ബംഗാളിൽ നിന്ന് വ്യത്യസ്തമായി പാർടി അനുകൂല മാധ്യമങ്ങൾ കേരളത്തിൽ ഉണ്ട്. മുഖ്യധാര വലതുപക്ഷ മാധ്യമങ്ങളോട് മത്സരിച്ചു നിൽക്കാൻ ശേഷിയുള്ള മാധ്യമങ്ങൾ അച്ചടി രംഗത്തും ദൃശ്യമാധ്യമ രംഗത്തും ഓൺലൈൻ രംഗത്തും സിപിഎമ്മിനുണ്ട്. ഇതൊക്കെ കൊണ്ട് ബംഗാൾ പാർട്ടിയും കേരള പാർട്ടിയും രണ്ടും രണ്ടാണെന്ന് പറയേണ്ടി വരും.

സർക്കാരും പാർട്ടിയും വലിയ പ്രതിസന്ധിയിൽ ആണെങ്കിലും അതിനെ മറികടക്കാൻ ഉള്ള ഉൾക്കരുത്ത് ഇതൊക്കെ കൊണ്ട് സിപിഐഎമ്മിനുണ്ട്. താത്കാലിക തിരിച്ചടികൾ എല്ലാ കാലത്തും സിപിഐഎമ്മിന് ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെ മറികടക്കുന്ന ആവേഗം പെട്ടെന്ന് കരസ്ഥമാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെ മുൻനിർത്തി കേരളം ബംഗാൾ ആകുമെന്ന പ്രവചനം ശരിയാകണം എന്ന നിർബന്ധം ഒട്ടുമേ ഇല്ല. കാരണം കേരളത്തിൽ സിപിഐഎമ്മിന് ആഴത്തിൽ വേരുകൾ ഉണ്ട് എന്നത് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: