NEWS

ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിക്ക് മാത്രം മാജിക്ക് കാണിക്കാനാവില്ല, യോഗിയെ നേരിടണമെങ്കിൽ കോൺഗ്രസ്‌ ഭൂതകാലത്തിൽ നിന്ന് പാഠം പഠിക്കണം

2019 ജൂലൈ മാസത്തിൽ ഉത്തർപ്രദേശിലെ സോൻഭര ജില്ലയിൽ 10 പേർ കൊല്ലപ്പെടുകയും രണ്ട് ഡസനോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് പ്രതിപക്ഷ മുറവിളി ഉണർന്നു. സ്ഥലത്ത് നിരോധനാഞ്ജ പ്രഖ്യാപിക്കപ്പെട്ടു.

Signature-ad

അത്തരം തടസങ്ങൾ ഒന്നും പ്രിയങ്ക കണക്കാക്കിയില്ല. ഉത്തർപ്രദേശിന്റെ ചുമതല ഉള്ള ജനറൽ സെക്രട്ടറി ആണ് പ്രിയങ്ക. തൊട്ടടുത്ത ദിവസം തന്നെ പ്രിയങ്ക സോൻഭദ്രയിലെത്തി. പോലീസ് പ്രിയങ്കയെ തടഞ്ഞു. എവിടെയാണോ തടഞ്ഞത് അവിടെ പ്രിയങ്ക കുത്തിയിരുന്നു. ആദിവാസികളായ ഇരകളുടെ ബന്ധുക്കളെ കാണാതെ പോകില്ലെന്ന് പ്രിയങ്ക വാശി പിടിച്ചു. ദേശീയ മാധ്യമങ്ങൾ അടക്കം ഈ സംഘർഷാവസ്ഥ തത്സമയം കാണിച്ചു. ഒടുവിൽ ഭരണകൂടം പ്രിയങ്കാ ഗാന്ധിക്ക് വഴങ്ങി. ഇരകളെ കാണാൻ അവിടെ എത്തിയ ആദ്യ പ്രതിപക്ഷ പാർട്ടി നേതാവായ പ്രിയങ്ക ഇരകളുടെ കുടുംബങ്ങൾക്ക് കോൺഗ്രസിന്റെ സഹായധനവും പ്രഖ്യാപിച്ചു.

ഈ മെയ്‌ മാസത്തിൽ പൊടുന്നനെ ലോക്ക്ഡൌൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾ സ്വന്തം വീടുകളിലേക്ക് കാൽനടയായി മടങ്ങേണ്ടി വന്നു. തൊഴിലാളികളെ വീടുകളിലെത്തിക്കാൻ വാഹനങ്ങൾ ഏർപ്പാടാക്കാൻ പ്രിയങ്ക യോഗിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കോൺഗ്രസ്‌ വാഹനങ്ങൾ ഏർപ്പാടാക്കുമെന്നു പറഞ്ഞു. ആദ്യം ഗൗനിച്ചില്ലെങ്കിലും സമ്മർദ്ദം ഏറിയപ്പോൾ ഉത്തർപ്രദേശ് ഭരണകൂടം വാഹനങ്ങൾ നൽകാൻ കോൺഗ്രസിനെ അനുവദിച്ചു. പ്രവർത്തന നിരതയായ പ്രിയങ്കയുടെ മുഖമാണ് ഈ രണ്ട് സംഭവങ്ങളിലും കണ്ടത്. സഹായിക്കാൻ അധികൃതരെ സമ്മർദ്ദത്തിൽ ആക്കുക മാത്രമല്ല സ്വയം സഹായിക്കാനും പ്രിയങ്ക തയ്യാറായി.

പ്രിയങ്കയുടെ ട്വിറ്റർ അക്കൌണ്ട് പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. പ്രതിസന്ധികളിൽ ആദ്യം പ്രതികരിക്കുന്ന യുപി പ്രതിപക്ഷ നിരയിലെ നേതാവ് പ്രിയങ്ക ആണ്. തെരുവിലും സമൂഹ മാധ്യമങ്ങളിലും ഒരു പോലെ യോഗി സർക്കാരിനെ നേരിടുന്ന പ്രതിപക്ഷ നിരയിലെ നേതാവും പ്രിയങ്ക തന്നെ. ഒപ്പം പ്രിയങ്ക തന്നെ തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലു 21 പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടു എന്നറിയുമ്പോൾ പ്രിയങ്കയുടെ നേതൃത്വത്തിൽ ഉള്ള പോരാട്ടത്തിന്റെ ശക്തിയറിയാം.

മണ്ഡൽ -കമണ്ഡൽ പ്രക്ഷോഭങ്ങളിൽ ഞെരിഞ്ഞമർന്ന പാർട്ടിയെ സംസ്ഥാനത്ത് ഉയർത്തെഴുന്നേൽപ്പിക്കാൻ ആണ് പ്രിയങ്കയുടെ ശ്രമം. എന്നാൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പരാജയപ്പെട്ടിടത്ത് പ്രിയങ്കയ്ക്ക് അത് ആവുമോ എന്നതാണ് ചോദ്യം നിലനിൽക്കുന്നു. രണ്ട് പേരും നേരിട്ടല്ലെങ്കിലും ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസിനെ നിലനിർത്താൻ പല ശ്രമങ്ങളും നടത്തിയതാണ്. ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ജനം തെരുവിൽ ഇറങ്ങിയപ്പോൾ അലിഗഢിൽ രാഹുൽ എത്തിയത് മോട്ടോർ ബൈക്കിലാണ്. 1996ൽ ബിഎസ്പിയുമായി കോൺഗ്രസ്‌ സഖ്യം ചേർന്നതും 2017ൽ എസ്പിയുമായി സഖ്യം ചേർന്നതുമെല്ലാം ചേർത്തു വായിക്കണം. എന്നാൽ ഒന്നും ഗുണം ചെയ്തില്ല.

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ കോൺഗ്രസ്‌ ശ്രമിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. എന്നാൽ അത് മതിയോ? ഗൃഹ സന്ദർശനവും സോഷ്യൽ മീഡിയ പോസ്റ്റുകളും മാത്രം കൊണ്ട് പാർടി വളരുമോ? മൂന്ന് ദശാബ്ദക്കാലം അധികാരത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്‌. ഇക്കാലയളവിൽ അണികൾ ധാരാളമായി ചോർന്നു പോയി . പാർട്ടിയുടെ പോരാട്ടം ശരിയായ പാതയിൽ ആകണമെങ്കിൽ ജയത്തെ കുറിച്ചല്ല ഇപ്പോൾ ചിന്തിക്കേണ്ടത് മറിച്ച് അടിത്തറ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ്. ബിജെപി, എസ്പി, ബിഎസ്പി എന്നീ മൂന്ന് കക്ഷികളെയാണ് കോൺഗ്രസ്‌ എതിരിടേണ്ടത്.

പ്രിയങ്ക ലക്‌നൗലേക്ക് മാറുന്നത് നല്ല ലക്ഷണമാണ്. പാരച്യൂട്ട് നേതാക്കൾ ഇന്ന് അശ്ലീലമാണ്. ബ്രാഹ്മണ-ദളിത -ന്യൂനപക്ഷ വോട്ടുബാങ്ക് ആണ് കോൺഗ്രസിന് സാധാരണ ആയുള്ളത്. കാലങ്ങൾ കൊണ്ട് ഈ മൂന്ന് വിഭാഗങ്ങളും മറ്റു പാര്ടികളിലേക്ക് പോയി. ബ്രാഹ്മണരെ പാർട്ടിയില്ലേക്ക് അടുപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ ഈ ശ്രമം വൃഥാവിലാവും. ബിജെപിയാകട്ടെ പടർന്നു പന്തലിച്ചു നിൽക്കുകയാണ്. എന്നാൽ ഒന്നും അസംഭവ്യമല്ല. ബ്രാഹ്മിൻ യുവാക്കൾ കൊല്ലപ്പെട്ടപ്പോൾ ആ വിഭാഗം കൈ ചൂണ്ടിയത് രജപുത്ര മുഖ്യമന്ത്രിയിലേക്കാണ്. ബ്രാഹ്മണ സമുദായത്തിന്റെ പകുതിയെ തിരിച്ചു ബിജെപിയിൽ നിന്ന് പിടിക്കാനായാൽ പ്രിയങ്കയുടെ യുദ്ധം പകുതി ജയിച്ചു. ജാതി രാഷ്ട്രീയം കത്തി നിൽക്കുന്ന യുപിയിൽ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് പരിഗണിക്കുന്നതിന് പകരം ഓരോ വിഭാഗത്തിലും ഓരോ തന്ത്രം പയറ്റുന്നതാണ് നല്ലത്.

ഉത്തർപ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയെ പുതുക്കി പണിയുന്നതാണ് രണ്ടാമത്തെ കാര്യം. മെച്ചപ്പെട്ടവർ മറ്റു പാർട്ടികളിലേക്ക് പോയി. ഇനി ഉള്ളവരിൽ നിന്ന് നല്ലവരെ തെരഞ്ഞെടുക്കണം. ഉത്തർപ്രദേശിൽ വിവിധ ജാതികളിൽ നിന്ന് നന്നായി ജോലി ചെയ്യുന്നവരെ കണ്ടെത്തുക എന്നുള്ളതാണ് ഇപ്പോൾ ചെയ്യാവുന്നത്. അജയ് ലല്ലു തന്റെ റോൾ നന്നായി വഹിക്കുന്നുണ്ട്. സഹർപൂരിലെ മുൻ എംഎൽഎ ഇമ്രാൻ മസൂദ് മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ പ്രശസ്തനാണ്. അതുപോലെ പ്രമോദ് തിവാരിയെയും നന്നായി ഉപയോഗിക്കണം.

മൂന്നാമത്തെ കാര്യം അണികളിൽ ആത്മവിശ്വാസം ജനിപ്പിക്കൽ ആണ്. വരാൻ പോകുന്ന ദുരിത ദിനങ്ങൾ മറികടക്കാൻ ഉള്ള കരുത്ത് അവർക്കുണ്ടാക്കണം. സമരങ്ങളുടെ നാളുകൾ ആണ് വരാൻ പോകുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തണം.

നാലാമത്തെ കാര്യം ഇരുമ്പ് ചൂടുള്ളപ്പോൾ തന്നെ അടിച്ചു പരത്താൻ പ്രിയങ്ക ശ്രദ്ധിക്കണം എന്നുള്ളതാണ്. പ്രതിപക്ഷത്തിന് പ്രതിഷേധിക്കാൻ ധാരാളം അവസരങ്ങൾ യോഗി ആതിഥ്യനാഥ് ഉണ്ടാക്കുന്നുണ്ട് , പ്രത്യേകിച്ചും ക്രമസമാധാന പാലനത്തിൽ. പക്ഷെ പ്രതിപക്ഷം അനങ്ങുന്നില്ല. യോഗി പേടിക്കുന്ന നേതാവായി പ്രിയങ്ക മാറണം.

അഞ്ചാമത്തെ കാര്യം 2022ലെ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി മുഖം ആണ് പ്രിയങ്ക. ലല്ലു അടക്കമുള്ള നേതാക്കളെ നേതൃത്വം ഇത് ഇപ്പോൾ തന്നെ ബോധ്യപ്പെടുത്തണം. എന്തൊക്കെ പറഞ്ഞാലും ഗാന്ധി എന്ന പദത്തിന് കിട്ടുന്ന സ്വീകാര്യത ഏറെയാണ് . 20 മാസം അകലെ തെരഞ്ഞെടുപ്പ് നിൽക്കുമ്പോൾ ഒറ്റക്കെട്ടായുള്ള പ്രവർത്തനം ആണ് കോൺഗ്രസ്‌ കാഴ്ച വെക്കേണ്ടത്.

ആറാമതായി മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി ഉയർത്തിക്കാട്ടുമ്പോൾ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന ലക്ഷ്യങ്ങൾ ആണ് മുന്നോട്ട് വെക്കേണ്ടത്. അത്ഭുതങ്ങൾ സംഭവിക്കാം. പാർട്ടി രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അരവിന്ദ് കേജ്രിവാൾ ഡൽഹി മുഖ്യമന്ത്രി ആയി. പാർട്ടി രൂപീകരിച്ച് 10 മാസം കൊണ്ടാണ് എൻ ടി രാമറാവു ആന്ധ്ര മുഖ്യമന്ത്രി ആയത്. സംസ്ഥാനത്താകെ 80, 000 കിലോമീറ്റർ സഞ്ചരിച്ചാണ് അദ്ദേഹം കോൺഗ്രസിനെ തളർത്തിയത്. 100 സീറ്റെങ്കിലും കോൺഗ്രസിന് പ്രിയങ്കയുടെ ചിറകിൽ ഏറി കിട്ടുകയാണെങ്കിൽ എസ്പി, ബി എസ് പി സഖ്യത്തിന് സാധ്യത ഉണ്ട്. കാലം അനുകൂലമാകുമെങ്കിൽ ഇത് 150 വരെ പോകാം.

ആളുകൾ മാറാൻ തയ്യാറായാലും ദൈവങ്ങളുടെ മനസ് മാറാൻ സമയമെടുക്കും എന്ന് പറയാറുണ്ട്. തെറ്റുതിരുത്തുക എന്നതിനൊപ്പം നല്ലൊരു ഭാവി ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുക എന്നത് കോൺഗ്രസിന്റെ കടമയാണ്. ആ വാഗ്ദാനം പാലിക്കപ്പെടുമെന്ന ബോധ്യം ജനങ്ങളിൽ ഉണ്ടാക്കുകയും വേണം. ഇല്ലെങ്കിൽ പ്രിയങ്ക ഉണ്ടെങ്കിലോ ഇല്ലെങ്കിലോ കോൺഗ്രസിന് ഗുണമില്ല.

Back to top button
error: