ലഖ്‌നൗ: ഗാസിയാബാദില്‍ 36-കാരിയായ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവം വ്യാജമെന്ന് പോലീസ്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ഗൂഢാലോചനയാണെന്നും കേസ് പരസ്യമാക്കാന്‍ യുവതി കൂട്ടാളികള്‍ക്ക് പണം നല്‍കിയായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
”സ്വത്ത് തര്‍ക്കമാണ് ബലാത്സംഗആരോപണം കെട്ടിച്ചമക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്. തര്‍ക്കത്തലേര്‍പ്പെട്ടവരെ കേസില്‍ കുടുക്കാനായിരുന്നു ഗൂഢാലോചന. ഇവര്‍ക്കൊപ്പം സഹായികളായി നിന്ന 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് പ്രചരിപ്പിക്കാന്‍ ഇവരിലൊരാള്‍ സുഹൃത്തിന് പേടിഎം വഴി പണം കൈമാറിയിരുന്നത് കേസിന് തെളിവായി മാറി”- പോലീസ് പറഞ്ഞു.
ഡല്‍ഹി നിവാസിയായ യുവതിയെ കൈകാലുകള്‍ ബന്ധിച്ച് ചാക്ക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയെന്നായിരുന്നു പോലീസിന് വിവരം ലഭിച്ചത്.
സഹോദരന്റെ ജന്മദിനം ആഘോഷിച്ച് മടങ്ങുകയായിരുന്ന യുവതി ഓട്ടോ കാത്തുനില്‍ക്കുന്നതിനിടെ രാജ് നഗര്‍ എക്സ്റ്റന്‍ഷനിലെ ആശ്രം റോഡില്‍വെച്ച് തോക്കുകാട്ടി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. കണ്ടെത്തിയ ഉടന്‍ ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മെഡിക്കല്‍ പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും യുവതി അതിന് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് മീററ്റിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് അവരുടെ നിര്‍ബന്ധത്തില്‍ ജിടിബി ആശുപത്രിയിലാണ് പരിശോധന നടത്തിയത്. യുവതിക്ക് ആന്തരിക പരുക്കുകളൊന്നും ഇല്ലെന്നാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അറിയിച്ചതെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിന്നിലെ ഗൂഢാലോചന കണ്ടെത്തിയത്.