തിരുവനന്തപുരം: കുടിശ്ശിക വരുത്തിയ വീട്ടിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ പോയ ജല അതോറിറ്റി ജീവനക്കാരന് മര്‍ദനമേറ്റ സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കുടിശിക അടയ്ക്കാത്ത കണക്ഷനുകള്‍ വിച്ഛേദിക്കുക എന്നത് നിയമപരമായ നടപടി ക്രമവും സര്‍ക്കാരിന്റെ തീരുമാനവുമാണ്. ഇതു നടപ്പാക്കാനാണ് ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. ഇവരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുത്ത് കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇത്തരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരുടെ വാട്ടര്‍ കണക്ഷന്‍ കട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ അതോറിറ്റി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തിരുമല സെക്ഷനിലെ ഫിറ്ററായി ജോലിചെയ്യുന്ന പേയാട് സ്വദേശി വിവേക് ചന്ദ്രനാണ് മര്‍ദനമേറ്റത്. വലതുകാലിനു പൊട്ടലേറ്റ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെ കാഞ്ഞിരംപാറ കരിത്തോട് റിവര്‍വാല്യൂ ഗാര്‍ഡനില്‍ സുശീലയുടെ വീട്ടിലാണ് സംഭവം. മാര്‍ച്ച് മാസം വരെയാണ് വീട്ടുകാര്‍ കുടിവെള്ള തുക അടച്ചിട്ടുള്ളതെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് കുടിശ്ശിക വരുത്തി. ഇക്കാര്യം അറിയിക്കാനും കണക്ഷന്‍ വിച്ഛേദിക്കാനുമാണ് വിവേക് ഈ വീട്ടിലെത്തിയത്. വിവരമറിയിച്ചയുടന്‍ വീട്ടിലുണ്ടായിരുന്ന യുവാവ് തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.