എടത്വ(ആലപ്പുഴ): കെ.എസ്.ആര്.ടി.സി വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ യുവാക്കള്‍ പോലീസിനെ കണ്ട് ഭയന്ന് ഓടി ഒടുവില്‍ ചതുപ്പില്‍ താഴ്ന്നു. ഒന്നര മണിക്കൂറിന് ശേഷം പോലീസും അഗ്നി രക്ഷാസേനയും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇതിനിടെ മറ്റേയാള്‍ തനിയെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. കറുകച്ചാല്‍ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയതെന്ന് എടത്വാ പോലീസ് പറഞ്ഞു.
ചങ്ങനാശ്ശേരിയില്‍നിന്ന് ആലപ്പുഴയ്ക്ക് പോയ കെ.എസ്.ആര്.ടി.സി ബസിലായിരുന്നു സംഭവം. തിരുവല്ലയില്‍നിന്ന് കയറിയ യുവാക്കള്‍ ബസില്‍ തുപ്പിയടോയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതു തടയാന്‍ ശ്രമിച്ച വനിതാ കണ്ടക്ടറെ ഇവര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബസ് എടത്വാ ഡിപ്പോയിലെത്തിയപ്പോള്‍ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ ബസില്‍നിന്ന് പിടിച്ചിറക്കി. ഇേതാടെ ഇരുവരും ഡിപ്പോ ജീവനക്കാരെ അസഭ്യം പറയുകയും കുപ്പിയെടുത്ത് എറിയുകയും ചെയ്തു.
ഇതിനിടെ ആരോ പോലീസ് വരുന്നുണ്ടെന്നറിഞ്ഞ് പറഞ്ഞതോടെ ഇരുവരും ഡിപ്പോയില്‍ നിന്നും ഇറങ്ങി ഓടി. ഓട്ടത്തിനൊടുവില്‍ സെന്റ് അലോഷ്യസ് കോളജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടി. എന്നാല്‍, ഒരു മണിക്കൂറോളം ശ്രമിച്ചിട്ടും ഇവര്‍ക്ക് ചതുപ്പില്‍നിന്ന് കയറാനായില്ല. തുര്‍ന്ന് പോലീസ് ജെ.സി.ബിയെത്തിച്ച് തിരച്ചില്‍ നടത്തി.
രക്ഷാപ്രവര്‍ത്തനത്തിനായി തകഴിയില്‍നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഒടുവില്‍ ചതുപ്പില്‍ പതുങ്ങിക്കിടന്ന ഒരാളെ അതിസാഹസികമായിട്ടാണ് കരയ്ക്കെത്തിച്ചത്. ഇതിനിടെ ഇരുട്ടിന്റെ മറപറ്റി രണ്ടാമന് മറുകരയിലെത്തി ബസില്‍ കയറി രക്ഷപ്പെട്ടു.