ലണ്ടന്‍: നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് സമ്പദ്വ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതിനു പിന്നാലെ യു.കെ പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമതനീക്കം ശക്തമായി. ട്രസിനെതിരേ മത്സരിച്ച മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിനെ നേതാവായി കൊണ്ടുവരാന്‍ വിമതര്‍ നീക്കം നടത്തുന്നുണ്ട്. അതേസമയം, തന്നെ പുറത്താക്കാന്‍ നോക്കിയാല്‍ തെരഞ്ഞെടുപ്പിലേക്കു പോകേണ്ടിവരുമെന്ന മുന്നറിയിപ്പ് ട്രസ് നല്‍കിയിട്ടുണ്ട്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 100 ല്‍ അധികം എം.പിമാര്‍ ട്രസില്‍ വിശ്വാസമില്ലെന്നു കാട്ടി കത്ത് നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കമ്മിറ്റിയുടെ തലവന്‍ ഗ്രഹാം ബ്രാഡിക്ക് ഇവര്‍ ഉടന്‍ കത്തു നല്‍കിയേക്കുമെന്നാണ് വിവരം. ‘നിങ്ങളുടെ സമയം കഴിഞ്ഞു’ എന്ന് ട്രസിനെ ധരിപ്പിക്കണമെന്നാണ് എം.പിമാരുടെ ആവശ്യം. അല്ലെങ്കില്‍ പാര്‍ട്ടിയുടെ നിയമം പരിഷ്‌കരിച്ച് ട്രസിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്നു കാട്ടാനായി അവിശ്വാസ വോട്ടിന് അവസരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം, പുതിയതായി നിയമിച്ച ധനമന്ത്രി ജെറമി ഹണ്ടിനും ട്രസിനും ഒക്ടോബര്‍ 31 ന് ബജറ്റ് അവതരിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക തന്ത്രം രൂപപ്പെടുത്താനുള്ള അവസരം നല്‍കണമെന്നുമാണ് ബ്രാഡിയുടെ നിലപാട്.