KeralaNEWS

ക്രൈസ്തവ പൗരോഹിത്യത്തെ വികലമായി അവതരിപ്പിച്ചിരിക്കുന്നു, ‘പാൽതു ജാൻവർ’ സിനിമയ്‌ക്കെതിരെ വാളോങ്ങി താമരശ്ശേരി രൂപത

അനാചാരങ്ങൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ പോരാടുകയാണ് കലയുടെയും സാഹിത്യത്തിൻ്റെയും പ്രഥമ ദൗത്യം. പക്ഷേ ജാതി- മത ശക്തികൾ കലാകാരൻ്റെയും സാഹിത്യകാരൻ്റെയും കരമറുക്കുകയും കുത്തറുക്കുകയും ചെയ്യുന്ന കാലമാണിത്. ഏറ്റവും ശക്തമായ മാധ്യമം എന്ന നിലയിൽ സിനിമയിലൂടെയുള്ള സാമൂഹ്യ വിമർശനം പോലും പല കേന്ദ്രങ്ങളെയും അസഹിഷ്ണുതപ്പെടുത്തുന്നു.

ഇപ്പോഴിതാ ‘പാൽതു ജാൻവർ’ എന്ന സിനിമയിൽ ക്രൈസ്തവ പൗരോഹിത്യത്തെ വികലമായി ചിത്രീകരിക്കുന്നു എന്ന വിമർശനവുമായി കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നു.
മതവിശ്വാസത്തെ തെറ്റായി അവതരിപ്പിക്കുന്ന പ്രവണത മലയാള സിനിമകളിൽ ഈ അടുത്ത കാലത്തായി വളരെ കൂടുതലാണെന്നും ഇതിന് പിന്നിൽ സംഘടിത ലോബികൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നുമാണ് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത ആവശ്യപ്പെടുന്നത്. വിശ്വാസത്തിലോ മത ആചാരത്തിലോ ഇല്ലാത്ത കാര്യങ്ങളാണ് മതത്തിലെ ഭാഗമാണെന്ന തരത്തിൽ അവതരിപ്പിക്കുന്നത്. പൊതു സമൂഹത്തെ വഴി തെറ്റിക്കുന്നതിന് ഇതു കാരണമാകും. സിനിമകളിലെ ഇത്തരം തെറ്റായ പ്രവണതകളുടെ അവസാനത്തെ ഉദാഹരണമാണ് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരുടെ തിരക്കഥയിൽ സംഗീത് പി. രാജൻ സംവിധാനം നിർവഹിച്ച ‘പാൽതു ജാൻവർ’ എന്ന സിനിമ. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച ഈ സിനിമയിൽ ബേസിൽ ജോസഫ്, ജോണി ആന്റണി, ദിലീഷ് പോത്തൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Signature-ad

ഈ ചിത്രത്തിൽ ക്രൈസ്തവ പുരോഹിത വേഷം ചെയ്യുന്ന ദിലീഷ് പോത്തന്റെ കഥാപാത്രം ക്രൈസ്തവ പൗരോഹിത്യത്തെ വികലമായി അവതരിപ്പിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗം അല്ലാത്തതും അംഗീകരിക്കാത്തതുമായ ആഭിചാര ക്രിയകൾ ആണ് പ്രാർത്ഥന എന്ന രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. തളർന്ന് കിടക്കുന്ന പശുവിന്റെ ചെവിയും പിൻഭാഗവും കത്തികൊണ്ട് വരഞ്ഞ് രക്തം വരുത്തി പ്രാർത്ഥിക്കുന്ന രീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിൽ എവിടെയാണ് ഇത്തരം ദുരാചാരങ്ങൾ ഉള്ളത് എന്ന് വ്യക്തമാക്കാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ബാധ്യതയുണ്ട്.

ഒരുവന്റെ വിശ്വാസത്തെയും ആചാര അനുഷ്ഠാനങ്ങളെയും വികലമായി ചിത്രീകരിക്കുന്നത് ആരാധന സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. ഈ സിനിമയിലൂടെ അനാചാരവും അന്ധവിശ്വാസവും മത സ്പർധയും പടർത്താൻ ശ്രമിച്ചതിന് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ സർക്കാർ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Back to top button
error: