പ്രണായാഭ്യർഥന നിരസിച്ചതിലെ പക മൂലം യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊന്ന കോളജ് വിദ്യാർഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട ടി നഗറിലെ ജെയിൻ കോളജ് ബിബിഎ മൂന്നാം വർഷ വിദ്യാർഥിനി സത്യയുടെ (20) പിതാവ് മാണിക്കമാണു മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ ഉടൻ നെഞ്ചുവേദന അനുഭവപ്പെട്ട മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ കുറച്ച് സമയത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. സത്യയുടെ മാതാവ് രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ്.
വിദ്യാർഥിനിയെ തള്ളിയിട്ട ശേഷം രക്ഷപെട്ട ആദംബാക്കം സ്വദേശി സതീഷ് (23) ഇതിനിടെ പൊലീസ് പിടിയിലായി. ചെന്നൈ വിമാനത്താളത്തിലെ താത്കാലിക ജീവനക്കാരനാണ് ഇയാൾ. ഏറെനാളായി സതീഷ് പെൺകുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടെന്നു പൊലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് സത്യയുടെ മാതാപിതാക്കൾ മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സത്യ കോളജിൽ പോകാൻ ട്രെയിൻ കാത്തു നിൽക്കവേ സതീഷ് സ്റ്റേഷനിലെത്തി. തുടർന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ താംബരം- ബീച്ച് സബേർബൻ ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിന് സമീപമെത്തിയപ്പോൾ സതീഷ് സത്യയെ തള്ളിയിടുകയായിരുന്നു. ട്രെയിൻന് അടിയിൽപ്പെട്ട യുവതി തൽക്ഷണം മരിച്ചു. മറ്റു യാത്രക്കാർ സതീഷിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. പൊലീസ് 7 സംഘങ്ങൾ രൂപീകരിച്ചാണു സതീഷിനായി തിരച്ചിൽ നടത്തിയത്.
പ്രണയം നിരസിച്ചതിന് ഐ.ടി. ജീവനക്കാരിയായ സ്വാതി എന്ന യുവതിയെ 2016-ൽ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ വച്ച് രാംകുമാർ എന്ന യുവാവ് കുത്തിക്കൊന്നു. രാംകുമാറിനെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. എതാനും ദിവസങ്ങൾക്കുശേഷം ഇയാളെ ജയിലിൽ ജീവനൊടുക്കി.