Breaking NewsNEWS

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍, കുന്നപ്പിള്ളിക്കെതിരേ നടപടിക്ക് തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എയ്ക്കെതിരായ നിയമനടപടിക്ക് അനുമതി ആവശ്യമില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്നും സ്പീക്കര്‍ പ്രതികരിച്ചു. പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റിന് ശേഷം സ്പീക്കറെ അറിയിക്കണമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുളളത്. ജനപ്രതിനിധികള്‍ പൊതുവെ പാലിക്കേണ്ട ചില നിയമങ്ങളുണ്ട് അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ പറഞ്ഞു.

തന്നെ പീഡിപ്പിച്ചെന്ന അദ്ധ്യാപികയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റംകൂടി ചുമത്തിയിരുന്നു. യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നേരത്തെ ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം കേസെടുത്തിരുന്നു.

അതേസമയം, അന്വേഷണസംഘത്തിന് എം.എല്‍.എയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോണുകളും സ്വിച്ച് ഓഫ് ആണ്. ബന്ധപ്പെടാനുള്ള ശ്രമം അന്വേഷണസംഘം തുടരുന്നുണ്ട്. കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

 

 

 

 

 

Back to top button
error: