കുന്നപ്പിള്ളിക്ക് കോളടിച്ചു! ബലാത്സംഗക്കേസിന് പുറമേ വിജിലന്‍സ് അന്വേഷണവും
തിരുവനന്തപുരം: അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ വിജിലന്‍സ് അന്വേഷണവും. അധ്യാപികയെ പണം നല്‍കി പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. കോവളം എസ്.എച്ച്.ഒയുടെ സാന്നിധ്യത്തിലും പണം വാഗ്ദാനം ചെയ്തെന്നാണ് പരാതി.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് സംഘം മുന്നോട്ടുപോകുകയാണ്. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. എല്‍ദോസിനെതിരേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവര്‍ഷം തടവുശിക്ഷ വരെ എല്‍ദോസിന് ലഭിക്കാം.
ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണെന്നാണ് പോലീസിന്റെ നിഗമനം. എം.എല്‍.എയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. എല്‍ദോസിനെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ ഇന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കും.