എറണാകുളം: അധ്യാപികയുടെ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ എം.എല്‍.എയുമായ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെ യുവതിക്കെതിരേ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ. എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചുവെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എം.എല്‍.എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് പരാതി. എറണാകുളം കുറുപ്പുമ്പടി പോലീസ് സ്റ്റേഷനില്‍ എംഎല്‍എയുടെ പിഎയാണ് ഇന്നലെ പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസെടുത്തു.
എന്നാല്‍, ഇക്കാര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എം.എല്‍.എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് ഓഫീസിലും വീട്ടിലും ഇല്ലെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്ത സാഹചര്യത്തില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റി്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ മാറിനില്ക്കുന്നതായിരിക്കാം എന്നാണ് വിവരം.
നേരത്തെ, തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പോലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതിചേര്‍ത്തിട്ടുണ്ട്.