കോട്ടയം: പുനര്‍നിര്‍മിച്ച കോട്ടയം കെ.എസ്.ആര്.ടി.സി ടെര്‍മിനലിന്റെ പണികള്‍ അവസാനഘട്ടത്തില്‍ എത്തി.
ഒരു നിലയുള്ള കാത്തിരിപ്പു കേന്ദ്രത്തിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. യാഡും പരിസരവും മനോഹരമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍ലോക്ക് കട്ട പാകുകയാണ്. ഗതാഗത മന്ത്രിയുടെ സൗകര്യം നോക്കി ഏറ്റവും അടുത്ത ദിവസത്തില്‍ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
6000 ചതുരശ്ര അടിയാണ് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് സമുച്ചയവും യാഡും ഉള്‍പ്പെടെയുള്ള വിസ്തീര്‍ണം. മുന്‍പ് ഇരുനിലയിലായിരുന്ന കെട്ടിടം കഴിഞ്ഞ മാര്‍ച്ചിലാണ് കാത്തിരിപ്പു കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും നിര്‍മിക്കുന്നതിന് പൊളിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 1.91 കോടി രൂപ അനുവദിച്ചാണ് നിര്‍മാണം നടത്തിയത്. ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രവേശന കവാടം മാറും.
തിയറ്റര്‍ റോഡിലൂടെയായിരിക്കും വാഹനങ്ങള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുക. ഇപ്പോള്‍ കയറി വരുന്ന ഭാഗത്തുകൂടി പുറത്തേക്കു ബസുകള്‍ പോകും. പഴയ കെട്ടിടം ഓഫീസാകും. ടിക്കറ്റ് ആന്‍ഡ് കാഷ്, ഓപ്പറേറ്റിങ് ഓഫിസ്, കണ്ടക്ടര്‍ ഡ്രൈവര്‍, മെക്കാനിക് ജീവനക്കാരുടെ മുറികള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കും.