IndiaNEWS

‘തീപ്പന്ത’മായി ഉദ്ധവ് വിഭാഗം; ഷിന്‍ഡെ ത്രിശങ്കുവില്‍

ന്യൂഡല്‍ഹി: ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ശിവസേനയ്ക്ക് ചിഹ്നമായി ‘തീപ്പന്തം’ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ത്രിശൂലവും ഉദയസൂര്യനുമാണ് ഉദ്ധവ് പക്ഷം ചോദിച്ചത്. എന്നാല്‍, ത്രിശൂലത്തിന്റെ മതപരമായ പ്രത്യേകതയും ഉദയസൂര്യന് ഡി.എം.കെയുടെ ചിഹ്നവുമായി സാമ്യമുണ്ടെന്നതും കാരണം ഇവ രണ്ടും കമ്മിഷന്‍ നിഷേധിച്ചു. ഉദ്ധവ് പക്ഷത്തിന്റെ പേര് ശിവസേന (ഉദ്ധവ് ബാലസാഹബ് താക്കറെ) എന്നും അനുവദിച്ചിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗത്തിന്റെ പേര് ‘ബാല്‍സാഹെബ് ആംചി ശിവസേന’ എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരിക്കുന്നത്. ഷിന്‍ഡെ വിഭാഗം ആവശ്യപ്പെട്ടിരുന്ന മൂന്ന് ചിഹ്നങ്ങളും അനുവദിക്കാന്‍ കമ്മിഷന്‍ തയാറായില്ല. ത്രിശൂലവും ഗദയും മതപരമായ പ്രത്യേകത കാരണവും ഉദയസൂര്യന്‍ ഡി.എം.കെയും ചിഹ്നവുമായുള്ള സാമ്യം കാരണവുമാണ് നിഷേധിക്കപ്പെട്ടത്. ഇന്ന് രാവിലെ പുതിയ ചിഹ്നം ഏതാണ് വേണ്ടതെന്ന് അറിയിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

Signature-ad

നവംബര്‍ മൂന്നിനാണ് അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ഇവിടെ മത്സരിക്കാനായി അമ്പും വില്ലുമെന്ന ശിവസേനയുടെ ഔദ്യോഗിക ചിഹ്നം ഇരു വിഭാഗങ്ങളും ഉപയോഗിക്കുന്നത് കമ്മിഷന്‍ ശനിയാഴ്ച വിലക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ചിഹ്നം അനുവദിച്ചത്.

 

 

 

 

 

Back to top button
error: