CrimeNEWS

പാന്‍റിനുള്ളിലെ പാമ്പു കടത്ത്; നാലു വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

ന്യൂയേര്‍ക്ക്: കാനഡയില്‍നിന്നു മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ചയാള്‍ നാലു വര്‍ഷത്തിനുശേഷം പിടിയിലായി. ഇഴജന്തുക്കളെ യു.എസ്-കനേഡിയന്‍ അതിര്‍ത്തിയിലൂടെ കടത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. പാന്റ്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പെരുമ്പാമ്പുകള്‍.

2018 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം. അമേരിക്കന്‍ പൗരനായ കാല്‍വിന്‍ ബൗട്ടിസ്റ്റ (36) ആണ് അറസ്റ്റിലായത്. പരമാവധി 20 വര്‍ഷം തടവും 250,000 ഡോളര്‍ പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. കാനഡയില്‍നിന്നു ന്യൂയോര്‍ക്കിലേക്ക് വന്ന ബസിലെ യാത്രക്കാരനായിരുന്നു ബൗട്ടിസ്റ്റ.
ബര്‍മീസ് പെരുമ്പാമ്പുകളുടെ ഇറക്കുമതി അന്താരാഷ്ട്ര ഉടമ്പടിയും യു.എസ്. ഫെഡറല്‍ നിയമവും വഴി നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. ബര്‍മീസ് പെരുമ്പാമ്പുകളെ മനുഷ്യര്‍ക്ക് ഹാനികരമായവ എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫെഡറല്‍ കള്ളക്കടത്ത് കുറ്റത്തിന് ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ അല്‍ബാനിയിലെ കോടതിയില്‍ ഈ ആഴ്ച ബൗട്ടിസ്റ്റയെ ഹാജരാക്കി. ഇയാളെ പിന്നീട് വിചാരണയ്ക്കായി വിട്ടയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്. ഏഷ്യയില്‍ ഇതിനെ ഒരു ദുര്‍ബല ഇനമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഈ ഇനം പാമ്പ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആക്രമണകാരിയായ ജന്തുക്കളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് തദ്ദേശീയ ജീവികള്‍ക്ക് ഭീഷണിയാണെന്നാണ് ഫ്‌ളോറിഡയിലെ നിയമം പറയുന്നത്.

ലോകത്തിലുള്ള അഞ്ചു വലിയ പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്. തെക്കന്‍ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ജലാശയങ്ങളുടെ സമീപത്താണ് താമസം. പാമ്പിന്‍ കുഞ്ഞുങ്ങള്‍ മരക്കൊമ്പുകളില്‍ തൂങ്ങി കിടക്കാറുണ്ട്. പ്രായമായ പാമ്പിന് ഏകദേശം 3.7 മീറ്റര്‍ (12 അടി) മുതല്‍ 5.74 മീറ്റര്‍ (19.00 അടി) വരെ നീളവും 90 കിലോ ഭാരവും കാണും.

 

 

 

Back to top button
error: