Breaking NewsNEWS

യു.പി. മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി (എസ്.പി) സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്നു കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മല്‍തി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍. യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ്, പ്രതീക് യാദവ് എന്നിവരാണ് മക്കള്‍. മല്‍തി ദേവി 2003 ലും സാധന ഗുപ്ത ഈ വര്‍ഷം ജൂലൈയിലുമാണ് അന്തരിച്ചത്. മൂന്നുതവണ യു.പി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍നിന്നും സംഭാലില്‍നിന്നും പാര്‍ലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Signature-ad

ഇറ്റാവ ജില്ലയിലുള്ള സായ്‌ഫെയ് ഗ്രാമത്തില്‍ സുഘര്‍ സിങ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22 നാണ് മുലായം ജനിച്ചത്. റാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967 ല്‍ ആദ്യമായി യു.പി നിയമസഭയിലെത്തി. 1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവില്‍ക്കിടന്നു. 1977 ല്‍ ആദ്യമായി മന്ത്രിയായി.

1980 ല്‍ ലോക്ദള്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി. 1989 ല്‍ ആദ്യമായി യുപി മുഖ്യമന്ത്രിയായി. കേന്ദ്രത്തില്‍ വി.പി. സിങ് സര്‍ക്കാര്‍ താഴെ വീണതോടെ ജനതാദള്‍ (സോഷ്യലിസ്റ്റ്) പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടുകൂടി സര്‍ക്കാര്‍ താഴെ വീണു. 1992 ല്‍ സമാജ്വാദി പാര്‍ട്ടി രൂപീകരിച്ചു. 1993 ല്‍ ബി.എസ്.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. 1995 ല്‍ സഖ്യകക്ഷികള്‍ പിന്മാറിയതോടെ സര്‍ക്കാര്‍ വീണു.

1996 ല്‍ 11 ാം ലോക്‌സഭയില്‍ മെയ്ന്‍പുരിയെ പ്രതിനിധീകരിച്ചിരുന്നു. അന്നത്തെ സഖ്യ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. 1998 ല്‍ കേന്ദ്രസര്‍ക്കാര്‍ നിലംപതിച്ചപ്പോള്‍ പിന്നീട് സാംഭാല്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി. 1999 ല്‍ സംഭാലില്‍നിന്നും കന്നൗജില്‍നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചു. കന്നൗജില്‍നിന്ന് അദ്ദേഹം രാജിവച്ചപ്പോള്‍ മകന്‍ അഖിലേഷ് അവിടെ മത്സരിച്ചു ജയിച്ചു.

2003 സെപ്റ്റംബറില്‍ ബി.ജെ.പി -ബി.എസ്.പി സര്‍ക്കാര്‍ താഴെവീണപ്പോള്‍ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിപദത്തില്‍ കയറിയപ്പോഴും ലോക്‌സഭാംഗമായിരുന്നു മുലായം. അതു രാജിവച്ച് പിന്നീട് നിയമസഭയിലേക്കു മത്സരിച്ചു. എന്നാല്‍ അതേ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചു. ജയിച്ചെങ്കിലും അതു രാജിവച്ചു മുഖ്യമന്ത്രിസ്ഥാനത്തു തുടര്‍ന്നു. 2007 ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയോട് തോല്‍ക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടര്‍ന്നു.

ബി.ജെ.പിയുമായി ഒരു ഘട്ടത്തിലും കൈകോര്‍ത്തിട്ടില്ലാത്ത അപൂര്‍വം രാഷ്ട്രീയ നേതാക്കളിലൊരാളാണ് മുലായം. എന്നാല്‍, ഇക്കഴിഞ്ഞ യു.പി. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് അദ്ദേഹത്തിന്‍െ്‌റ ഇളയ മരുമകള്‍ അപര്‍ണാ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. കുടുംബത്തിലെ അന്തഛിദ്രങ്ങളെ തുടര്‍ന്നായിരുന്നു അപര്‍ണയുടെ ചേരിമാറ്റം. മുലായത്തിന്‍െ്‌റ അനുഗ്രഹത്തോടെയാണ് താന്‍ പുതിയ പാത തെരഞ്ഞെടുത്തതെന്ന് അന്ന് അപര്‍ണ സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

 

Back to top button
error: